ചുവപ്പുകോട്ടയായി മറൈൻ ഡ്രൈവ്​: സമ്മേളനലഹരിയിൽ എറണാകുളം

കൊച്ചി: അനേകം മഹാസമ്മേളനങ്ങൾക്ക് സാക്ഷ്യംവഹിച്ച മറൈൻ ഡ്രൈവിനെ അക്ഷരാർഥത്തിൽ ചുവപ്പുകോട്ടയാക്കി മാറ്റി സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ ലഹരിയിലേക്ക് എറണാകുളം. നഗരത്തിന്‍റെ മുക്കുംമൂലയും ചുവപ്പണിഞ്ഞു. കൊടിതോരണങ്ങളും കവാടങ്ങളും അലങ്കാര വിളക്കുകളും ഒരുക്കി 37 വർഷത്തിനുശേഷം എത്തിയ സമ്മേളനത്തെ വരവേൽക്കാൻ സന്നാഹങ്ങളെല്ലാം ഉറപ്പിച്ചുകഴിഞ്ഞു പാർട്ടിപ്രവർത്തകർ.

മറൈൻ ഡ്രൈവിൽ പല ഭാഗങ്ങളിലായി 30,000 അടിയുള്ള പടുകൂറ്റൻ പന്തലാണ് പൂർത്തിയായത്. മാർച്ച് ഒന്നുമുതൽ നാലുവരെ സമ്മേളന നാളുകളിൽ പാർട്ടി ഓഫിസും നേതാക്കളുടെ വിശ്രമസ്ഥലവും വരെ ഈ പന്തലുകളിലാണ് സജ്ജീകരിച്ചത്. മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ, പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, നായനാർ എന്നിവരുടെ 60 ചതുരശ്രയടി വലുപ്പമുള്ള ചിത്രങ്ങൾ സമ്മേളന നഗരിയിൽ സ്ഥാപിച്ചു.പ്രതിനിധി സമ്മേളനം നടക്കുന്ന ബി. രാഘവൻ നഗർതന്നെ 18,000 ചതുരശ്രയടി വരും. പൊതുസമ്മേളനം ഓപൺ സ്റ്റേജായ ഇ. ബാലാനന്ദൻ നഗറിലാണ്. സെമിനാർ, കലാപരിപാടികൾ എന്നിവ മറൈൻഡ്രൈവ് ഹെലിപാഡിലെ 12,000 അടിയുള്ള അഭിമന്യു നഗറിലും. 600 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയും ഒരുങ്ങി. കയ്യൂർ, കൂത്തുപറമ്പ്, വാഗൺ ട്രാജഡി, പാലിയം സത്യഗ്രഹം തുടങ്ങിയ സമരങ്ങളുടെ ചിത്രങ്ങൾ സമ്മേളന നഗരിയിലെ ചുവരിൽ പതിച്ചിട്ടുണ്ട്.

ജില്ലയിലെ മുഴുവൻ ബ്രാഞ്ച് കേന്ദ്രത്തിലും രക്തസാക്ഷികളുടെയും മൺമറഞ്ഞ പ്രാദേശിക പ്രവർത്തകരുടെയും ഉൾപ്പെടെ 12,343 പേരുടെ ഓർമക്ക് പ്രചാരണ ഗേറ്റുകൾ, കമാനങ്ങൾ, സ്തൂപങ്ങൾ, സ്മൃതി മണ്ഡപങ്ങൾ എന്നിവയും തയാറായി. പൊതുസമ്മേളനത്തിന് 1500 പേർ നേരിട്ടും അഞ്ചുലക്ഷം പേരെ വെർച്വലായും പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. എറണാകുളം ജില്ലയിലെ 3030 ബ്രാഞ്ച് കേന്ദ്രങ്ങളിൽ ഇതിന് സ്വാഗതസംഘം ഓഫിസുകൾ തുറന്ന് സംവിധാനം ഒരുക്കി.ചരിത്രമുറങ്ങുന്ന തോപ്പുംപടി, ബി.ഒ.ടി, ഹാർബർ പാലങ്ങൾ ഞായറാഴ്ച രാത്രിയോടെ ദീപാലംകൃതമായി. ചരിത്രപ്രദർശനം നടക്കുന്ന അഭിമന്യു നഗറിൽ എ.കെ.ജിയുടെ പൂർണകായ ശിൽപം സ്ഥാപിച്ചിട്ടുണ്ട്. 

Tags:    
News Summary - CPM State Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.