കൊച്ചി: സമ്പര്‍ക്കപ്പകര്‍ച്ച തടയാനാകാത്തതും ഉറവിടമറിയാത്ത രോഗബാധിതരുടെ വര്‍ധനയും ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് തടസ്സമാകുന്നു. ഗൃഹചികിത്സയില്‍ മാനദണ്ഡം കര്‍ശനമായി പാലിക്കാനാകാത്തത് രോഗബാധ വര്‍ധിപ്പിക്കുന്നുണ്ട്. ജില്ലയില്‍ 50 തദ്ദേശ സ്ഥാപനങ്ങളിലേറെയും 30 ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്കുള്ളവയാണ്.
കോവിഡ് രോഗികളില്‍ 80 ശതമാനത്തിലേറെയും ഗൃഹചികിത്സയിലാണ്. ഇത് സമ്പര്‍ക്കവ്യാപനം ഉയര്‍ത്തുന്നുണ്ട്. കോവിഡ് ആദ്യതരംഗത്തില്‍ ഫസ്റ്റ്ലൈന്, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് രോഗം ബാധിച്ചവരെ ഉടൻ മാറ്റിയതിനാല്‍ സമ്പര്‍ക്ക വ്യാപനം പിടിച്ചുനിര്‍ത്താനായി. എന്നാല്‍, രണ്ടാംതരംഗത്തില്‍ ഇത്ര ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ളതിനാല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ക്ക് താങ്ങാവുന്നതിലേറെ രോഗികളാണ് പ്രതിദിനമുണ്ടാകുന്നത്.
ലക്ഷണങ്ങള്‍ കാര്യമായില്ലാത്തവരാണ് ഗൃഹചികിത്സയില്‍ പ്രവേശിപ്പിക്കുന്നത്. ഇതിനായി കൃത്യമായ മാനദണ്ഡവും പുറത്തിറക്കിയിരുന്നു. ഗൃഹചികിത്സ സ്വീകരിക്കുന്നയാള്‍ മറ്റേതെങ്കിലും ഗുരുതരമായ രോഗബാധയുള്ളയാളായിരിക്കരുത്. ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരെയും 12 വയസ്സിന് താഴെയുള്ള കുട്ടികെളയും 60 വയസ്സന് മുകളില്‍ പ്രായമായവരെയും ഗൃഹചികിത്സ സ്വീകരിക്കാന്‍ അനുവദിക്കില്ല. റൂം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം/മരുന്ന് എന്നിവ നല്കാൻ മൂന്നാമതൊരാളെ അതേ കുടുംബത്തില്‍നിന്ന് തന്നെ നിശ്ചയിക്കാം.
രോഗബാധിതനാകാതിരിക്കാന്‍ ഇദ്ദേഹം ട്രിപ്പിള്‍ ലെയര്‍ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിച്ച് മുന്‍കരുതൽ സ്വീകരിച്ചിരിക്കണം. ശുചിമുറിയും മതിയായ വെൻറിലേഷന്‍ സൗകര്യവുമുള്ള പ്രത്യേക മുറി വീട്ടില്‍ തന്നെ ഉണ്ടായിരിക്കണം. രണ്ടുപേരില്കൂടുതല് രോഗബാധിതരായി വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന സ്ഥിതിവരെ ഇപ്പോഴുണ്ടായിട്ടുണ്ട്. ഇത് വീട്ടിലെ മറ്റ് അംഗങ്ങള്‍ കോവിഡ് ബാധിതരാകാനുള്ള സാധ്യത വര്‍ധിപ്പിച്ചു.
ദിനവും രോഗബാധിതരാകുന്നതില്‍ 90 ശതമാനത്തിലേറെയും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും ജില്ലയില്‍ കുറവുണ്ടായിട്ടില്ല. ഇതും വ്യാപനം കുറക്കുന്നതിന് തടസ്സമാവുകയാണ്. 15,000 പരിശോധന നടത്തുമ്പോള്‍ മൂവായിരത്തിലേറെ പേര് രോഗബാധിതരായി കണ്ടെത്തുന്നുണ്ട്. ഇതില്‍ രോഗ ഉറവിടം ഏതെന്നറിയാത്തവര്‍ അമ്പതിലേറെവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.