കൊച്ചി: മദ്യത്തിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കാൻ സംസ്ഥാന ബിവറേജസ് കോർപറേഷൻ (ബെവ്കോ) നടപ്പാക്കിയ പരീക്ഷണം വിജയം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ ബെവ്കോ ഔട്ട്ലറ്റുകളിൽ മൂന്ന് മാസത്തിനിടെ 33,17,228 കുപ്പികൾ തിരിച്ചെത്തി. 80 ടണ്ണിലധികം തൂക്കംവരുന്ന ഇവ പുനഃസംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയാണ് ശേഖരിച്ചത്. വഴിയോരത്തും ജലാശയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന മദ്യക്കുപ്പികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണവും മറ്റ് അപകടങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 15നാണ് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം ഔട്ട്ലറ്റുകളിൽ പദ്ധതിക്ക് തുടക്കമിട്ടത്. വിൽക്കുമ്പോൾ ബെവ്കോ ജീവനക്കാർ കുപ്പിയിൽ പ്രത്യേക ക്യു.ആർ കോഡ് പതിക്കുകയും 20 രൂപ അധികം ഈടാക്കുകയും ചെയ്യും. കാലിയായ കുപ്പി അതേ ഔട്ട്ലറ്റിൽ തിരിച്ചുനൽകുമ്പോൾ 20 രൂപ മടക്കി ലഭിക്കും.
സ്റ്റിക്കർ പതിച്ചവ മാത്രമേ തിരിച്ചെടുക്കൂ. പ്രത്യേക ബൂത്തുകൾ വഴിയും കുപ്പികൾ തിരിച്ചെടുക്കുന്നുണ്ട്. സംസ്ഥാനത്തെ 284 ബെവ്കോ ഔട്ട്ലറ്റുകൾവഴി പ്രതിവർഷം ശരാശരി 51 കോടി കുപ്പി വിദേശമദ്യം വിൽക്കുന്നതായാണ് കണക്ക്.
ഈ കുപ്പികളിൽ മിക്കതും ഉപയോഗശേഷം അലക്ഷ്യമായി ഉപേക്ഷിക്കുകയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവ തിരിച്ചെടുത്ത് പുനഃസംസ്കരിക്കാൻ സഹായിക്കുന്ന പദ്ധതിക്ക് രൂപംനൽകിയത്.
80,000 കിലോയിലധികം കുപ്പി; നൽകിയത് 6.63 കോടി
കഴിഞ്ഞ സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെ കാലയളവിൽ തിരുവനന്തപുരത്തെ പത്ത് ഔട്ട്ലറ്റുകളിൽ കൗണ്ടർവഴിയും ബൂത്ത് വഴിയും തിരിച്ചെത്തിയത് 42,028.34 കിലോ തൂക്കം വരുന്ന 17,30,395 കാലിക്കുപ്പികളാണ്.
കണ്ണൂരിലെ ഔട്ട്ലറ്റുകളിൽ തിരിച്ചെത്തിയതാകട്ടെ 38,835.16 കിലോ തൂക്കംവരുന്ന 15,86,833 കുപ്പികളും. ആകെ തിരിച്ചെത്തിയ 33,17,228 കുപ്പികൾക്ക് ഒന്നിന് 20 രൂപ വീതം എന്ന കണക്കിൽ 6.63 കോടിയോളം രൂപ അവ കൊണ്ടുവന്നവർക്ക് ബെവ്കോ നൽകി. തിരുവനന്തപുരത്ത് മുക്കോല ഔട്ട്ലറ്റിലാണ് ഏറ്റവും കൂടുതൽ കുപ്പി തിരിച്ചെത്തിയത്: 6101.14 കിലോ. 5585.8 കിലോ കാലിക്കുപ്പികൾ തിരിച്ചെത്തിയ പയ്യന്നൂർ ഔട്ട്ലറ്റാണ് കണ്ണൂർ ജില്ലയിൽ മുന്നിൽ.
പദ്ധതി വിജയം കണ്ടതിനാൽ മറ്റ് ജില്ലകളിലും നടപ്പാക്കാൻ സർക്കാറിന് ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.