കൊച്ചി: നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. വലംകൈയിലൂടെ ശക്തമായി രക്തം പുറത്തേക്ക് ഒഴുകുന്നതും കൈപ്പത്തി അറ്റുപോയ നിലയിൽ കിടക്കുന്നതും മാത്രം കണ്ടതോർമയുണ്ട്. അപ്പോഴേക്കും ബോധം മറഞ്ഞു.
കട്ടിയേറിയ ലോഹങ്ങൾ വെട്ടിമുറിക്കുന്ന അതേ മൂർച്ഛയോടെയാണ് മനോജിന്റെ വലതുകൈപ്പത്തി യന്ത്രം മുറിച്ചുമാറ്റിയത്. വിദഗ്ധ ചികിത്സക്കായി ആസ്റ്റർ മെഡ്സിറ്റിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. എമർജൻസി വിഭാഗത്തിൽ രോഗിയുടെ ആരോഗ്യനില നിയന്ത്രണവിധേയമാക്കിയതിനുശേഷം. പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, ഏസ്തെറ്റിക് സർജറി വിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് ഡോ. മനോജ് സനാപ്പ് അറ്റുപോയ കൈപ്പത്തിയുടെ ഭാഗങ്ങൾ സസൂക്ഷ്മം വേർപ്പെടുത്തി. ക്രിട്ടിക്കൽ കെയർ ആൻഡ് പെയിൻ മാനേജ്മെന്റ് വിഭാഗത്തിലെ ഡോ. അരിൽ എബ്രഹാം അനസ്തേഷ്യക്ക് മേൽനോട്ടം വഹിച്ചു.
ഓർത്തോപീഡിക്സ് വിഭാഗം കൺസൽട്ടൻറ് ഡോ. ശ്യാം ഗോപാൽ, അറ്റുപോയ എല്ലുകൾ തമ്മിൽ ശസ്ത്രക്രിയയിലൂടെ യോജിപ്പിച്ചു. പിന്നീട് ഡോ. മനോജ് സനാപ്പ്, ഡോ. നിരഞ്ജന സുരേഷ്, ഡോ. ടി.എസ്. ശ്രുതി എന്നിവർ ചേർന്ന് കൈപ്പത്തി തിരികെ ചേർക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 14 ദിവസത്തിനുള്ളിൽ ആശുപത്രിവിട്ട മനോജ് വലംകൈയുടെ ചലനശേഷി പൂർണമായും തിരിച്ചുപിടിക്കാൻ ഫിസിയോതെറാപ്പി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.