മൂവാറ്റുപുഴ: ഇഴഞ്ഞുനീങ്ങുന്ന മൂവാറ്റുപുഴ നഗര റോഡ് വികസനം വേഗത്തിൽ പൂർത്തിയാക്കാൻ മാത്യു കുഴൽനാടൻ എം.എൽ.എ കരാറുകാരന്റെയും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ധാരണ. നിർമാണം നടക്കുന്ന പി.ഒ മുതൽ കച്ചേരിത്താഴം വരെ പണികൾ രണ്ടു വശങ്ങളിൽനിന്നും ആരംഭിക്കും. നിലവിൽ കച്ചേരിത്താഴത്തുനിന്നും പി.ഒയിലേക്കാണ് നിർമാണം നടക്കുന്നത്. മഴ ശക്തമായതിനാൽ നിർമാണം ഇടക്ക് നിർത്തിവെക്കേണ്ടി വരുന്നുണ്ടെന്ന് കരാറുകാരൻ പറഞ്ഞു. കൂടുതൽ തൊഴിലാളികളെ നിയോഗിക്കാൻ എം.എൽ.എ നിർദേശം നൽകി.
പണി നടക്കുന്ന ദിവസം രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഭാരവാഹനങ്ങൾ മൂവാറ്റുപുഴ ടൗണിൽ പ്രവേശനം അനുവദിക്കില്ല. പുതിയതായി പി.ഒ മുതൽ കച്ചേരിത്താഴം വരെ നിർമിച്ച കാനകൾക്ക് മുകളിൽ പൂർണമായും സ്ലാബുകൾ വിരിച്ച് കാൽനട യാത്ര സുഗമമാക്കാനും തീരുമാനമായി. ഇതിന് പുറമേ 10 ദിവസത്തിലൊരിക്കൽ വ്യാപാരി പ്രതിനിധികളെയും വിവിധ വകുപ്പുകളെയും കരാറുകാരനെയും ഉൾപ്പെടുത്തി അവലോകന യോഗം ചേരും.
റോഡ് നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ രംഗത്ത് വന്നതിനെ തുടർന്നാണ് എം.എൽ.എ ചർച്ച നടത്തിയത്. മൂവാറ്റുപുഴയിലെ നഗരവികസനം മൂലം വ്യാപാര സമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ ലാഘവത്തോടെ കാണുന്നില്ലെന്നും കാലവർഷം നേരത്തെ എത്തിയതടക്കം പ്രതീക്ഷിക്കാത്ത വെല്ലുവിളികൾ വന്നതാണ് നിർമാണം വൈകാൻ കാരണമെന്നും എം.എൽ.എ പറഞ്ഞു. ചർച്ചയിൽ മർച്ചന്റ്സ് അസോസിയേഷനെ പ്രതിനിധാനം ചെയ്ത് പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ, ജനറൽ സെക്രട്ടറി ഗോപകുമാർ, ട്രഷറർ കെ.എം. ഷംസുദ്ദീൻ, പി.എം. അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.