ആർ.ഡി ഓഫിസിനെതിരെ വീണ്ടും പരാതികൾ

ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷനൽ ഓഫിസിനെ കുറിച്ച് വീണ്ടും പരാതികൾ. ആർ.ഡി ഓഫിസിൽ ഫയലുകൾ തീർപ്പാക്കുന്നതിൽ വേഗതയില്ലെന്ന പരാതി നിലനിൽക്കെയാണ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്ന പരാതി കൂടി ഉയരുന്നത്. ഭൂമി തരം മാറ്റൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ താണ്ടി എത്തുന്നവർക്കാണ് അന്വേഷണം വിഭാഗം ഉൾപ്പെടെയുള്ളിടത്ത് നിന്ന് അവഗണന നേരിടുന്നതായി ആക്ഷേപമുള്ളത്. കൊച്ചി, പറവൂർ, കണയന്നൂർ, ആലുവ എന്നീ താലൂക്കുകൾ ഉൾപ്പെടുന്നതാണ് ഫോർട്ട് കൊച്ചിയിലെ ആർ. ഡി ഓഫിസ്. ഇതിനാൽ തന്നെ കിലോമീറ്ററുകൾ താണ്ടിയാണ് ആളുകൾ ഇവിടെ എത്തുന്നത്.

അപേക്ഷകരോട് വ്യക്തമായ മറുപടി പോലും പറയാതെ തിരികെ അയക്കുന്നതായാണ് പരാതി. കഴിഞ്ഞ ദിവസം അങ്കമാലിയിൽ നിന്നെത്തിയ ദമ്പതികൾ ഓഫിസിൽ തങ്ങളുടെ അപേക്ഷ സംബന്ധിച്ച് സംശയങ്ങൾ ചോദിച്ചെങ്കിലും, നൽകിയില്ലത്രേ. തുടർന്ന് ഇവർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടറെ കാണാൻ ശ്രമിച്ചെങ്കിലും അനുവാദം കിട്ടിയില്ലെന്നും പറയുന്നു. ഓഫിസിൽ എത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണമെന്നും അന്വേഷണ വിഭാഗം അവരുടെ സംശയങ്ങളും ദൂരികരിക്കണമെന്ന സർക്കാർ തീരുമാനത്തെയാണ് അധികൃതർ അവഗണിക്കുന്നത്.

പറവൂർ സ്വദേശി മത്സ്യത്തൊഴിലാളി കൂടിയായ സജീവ‍െൻറ ആത്മഹത്യക്ക് ഇടയാക്കിയതും ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള നിലപാടുകളാണെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. തങ്ങൾ നൽകിയ അപേക്ഷയുടെ അവസ്ഥ സംബന്ധിച്ച് അപേക്ഷകർ അന്വേഷണം നടത്തുമ്പോൾ ഒഴുക്കൻ മട്ടിലുള്ള മറുപടി നൽകുകയാണ് പതിവ്. ശരിയായ രീതിയിൽ അപേക്ഷകരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ അത് അപേക്ഷകർക്ക് തുടർ നടപടികൾക്കും ഗുണമാകും. ഭൂമി തരം മാറ്റലിന് അപേക്ഷ നൽകി കാത്തിരിക്കുന്ന രണ്ടും മൂന്നും സെന്‍റ് വസ്തുക്കളുടെ ഉടമകളോട് കൃത്യമായ മറുപടി നൽകുന്നില്ലെന്നും പരാതിയുണ്ട്. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലെന്നും പരാതി പറഞ്ഞ് അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നുവെന്നും പറയുന്നു. ഇടക്ക് അദാലത് വെച്ച് അപേക്ഷകൾ തീർപ്പാക്കുന്നുണ്ടെങ്കിലും അത് വളരെ വിരളമാണ്.

Tags:    
News Summary - Against the RD Office Complaints again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.