വരൂ, നമുക്കിന്ന്​ വോട്ട്​ ചെയ്യാം... ജി​ല്ല​യി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് 7374 സ്ഥാനാർഥികൾ

കൊച്ചി: ഇന്നാണ്, അടുത്ത അഞ്ചുവർഷത്തേക്ക് നമ്മെ ഭരിക്കേണ്ടവരെയും നയിക്കേണ്ടവരെയും നാം തെരഞ്ഞെടുക്കുന്ന ആ സുദിനം. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകൾ ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തി തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ജനവിധിയെഴുതുന്ന ദിനം. സർവസന്നാഹങ്ങളുമായി ജില്ല വോട്ടുനാളിനൊരുങ്ങിയിരിക്കുകയാണ്. ആകെ 111 തദ്ദേശസ്ഥാപനങ്ങളിലേക്കായി ജില്ലയിൽ ജനവിധി തേടുന്നത് 7374 പേരാണ്. ഇവരുടെ വിധി നിർണയിക്കാൻ ചൊവ്വാഴ്ച ബൂത്തിലെത്തുക 26,67,746 പേരും.

പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി

ജില്ലയിലെ വിവിധ കലക്ഷൻ സെന്‍ററുകളിൽനിന്ന് പോളിങ് ഉദ്യോഗസ്ഥർ രാവിലെ മുതൽ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങുന്ന തിരക്കിലായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് ഉൾപ്പെടെ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി പൊലീസുകാരെയും സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരുന്നു.

വിധികാത്ത് 7374 പേർ

7374 സ്ഥാനാർഥികളാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ജനവിധി തേടുന്നത്. 3457 പുരുഷ സ്ഥാനാർഥികളും 3917 വനിത സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്. ആകെ 10,834 നാമനിർദേശ പത്രികകളാണ് ലഭിച്ചിരുന്നത്. അതിൽ 321 എണ്ണം തള്ളുകയും 3139 പത്രികകൾ പിൻവലിക്കുകയും ചെയ്തു.

72 ഇടത്ത് വെബ്കാസ്റ്റിങ്

ജില്ലയിലാകെ 2220 വാർഡുകളിലായി 3021 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 7490 ബാലറ്റ് യൂനിറ്റുകളും 3036 കൺട്രോൾ യൂനിറ്റുകളും തെരഞ്ഞെടുപ്പിനായി കമീഷൻ ചെയ്ത് ഒരുങ്ങിയിട്ടുണ്ട്. ജില്ലയിലാകെ 72 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഈ 72 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ്ങും സ്ഥാനാർഥികൾ ആവശ്യപ്പെട്ടതും ഹൈകോടതി നിർദേശിച്ചതുമായ 147 പോളിങ് സ്റ്റേഷനുകളിൽ വിഡിയോഗ്രഫിയും നടത്തുമെന്ന് കലക്ടർ ജി. പ്രിയങ്ക അറിയിച്ചു.

വോട്ട് ചെയ്യുന്നതിന്റെ സ്വകാര്യത പൂർണമായും സംരക്ഷിച്ച് വോട്ട് ചെയ്യാൻ വരുന്നവരെ പോളിങ് സ്റ്റേഷനുകളുടെ പുറത്ത് മാത്രമായിരിക്കും ചിത്രീകരിക്കുക. പോളിങ് ബൂത്തിനുള്ളിൽ വിഡിയോ ചിത്രീകരണം അനുവദിക്കുന്നതല്ല. ഇത്തരത്തിൽ ചിത്രീകരിക്കുന്ന വിഡിയോകൾ തെരഞ്ഞെടുപ്പ് കമീഷന്റെ കൈവശം സൂക്ഷിക്കും.

ഒരു കാരണവശാലും ഈ വിഡിയോകൾ സ്ഥാനാർഥികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ നൽകുന്നതല്ലെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

പോളിങ് ബൂത്തുകളിലെ ജോലികൾക്കായി റിസർവ് ജീവനക്കാർ ഉൾപ്പെടെ 14,544 പേരെയാണ് നിയോഗിച്ചിട്ടുള്ളത്ഴ. കൂടാതെ പതിനായിരത്തോളം ഉദ്യോഗസ്ഥരെ മറ്റു തെരഞ്ഞെടുപ്പ് ജോലികൾക്കായി ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

വോട്ടിങ് ഓൺ @7

രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ആറിന് ഓരോ ബൂത്തിലും മോക്പോൾ നടക്കും. ആ സമയത്ത് ഹാജരായ സ്ഥാനാർഥികളുടെയും ഏജന്‍റുമാരുടെയും സാന്നിധ്യത്തിലായിരിക്കും ഇത്. വൈകീട്ട് ആറിന് ബൂത്തിൽ ക്യൂനിൽക്കുന്നവർക്കെല്ലാം വോട്ടുചെയ്യാനാകും. ഇതിനായി ക്യൂവിലുള്ളവർക്ക് സ്ലിപ് നൽകും. ക്യൂവിലുള്ള എല്ലാവരും വോട്ട് ചെയ്തുകഴിഞ്ഞ ശേഷമേ വോട്ടിങ് അവസാനിപ്പിക്കൂ.

മിണ്ടാതെ ഉരിയാടാതെ...

ഉച്ചഭാഷിണിയുടെ ആരവങ്ങളോ ജനക്കൂട്ടത്തിന്‍റെ ആർപ്പുവിളികളോ ഇല്ലാത്ത ദിനമായിരുന്നു തെരഞ്ഞെടുപ്പിന്‍റെ തൊട്ടുതലേന്ന് കടന്നുപോയത്. അക്ഷരാർഥത്തിൽ ബഹളമില്ലാത്ത, നിശ്ശബ്ദമായ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സ്ഥാനാർഥികളും കൂട്ടരും. രാവിലെ മുതൽ ഇതുവരെ കാണാൻ വിട്ടുപോയവരെ പ്രത്യേകം ഓർമയിൽവെച്ച് നേരിട്ടുകാണാനായി ചെല്ലുകയാണ് പല സ്ഥാനാർഥികളും ചെയ്തത്.

ചെറുതായെങ്കിലും മനസ്സുമാറാൻ സാധ്യതയുള്ളവരെ വീണ്ടും വീണ്ടും സ്നേഹാഭ്യർഥനകളിലൂടെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുന്ന കാഴ്ചയും കണ്ടു. കൂടാതെ വാട്സ്ആപ്, ഫോൺകാളുകൾ, ഫേസ്ബുക്ക് മെസഞ്ചർ തുടങ്ങിയ മാധ്യമങ്ങളിലൂടെയും വോട്ടു തേടിയുള്ള സന്ദേശങ്ങളും വിളികളും ഇടതടവില്ലാതെ ഒഴുകി. വോട്ടുതേടിയുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയും കൂടുതൽ പേരിലേക്കെത്താനുള്ള ശ്രമങ്ങളായിരുന്നു കൂടുതൽ പേരും നടത്തിയത്. 

Tags:    
News Summary - 7374 candidates are seeking election in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.