കനത്ത മഴയിൽ മരട് സെൻറ് ജോസഫ് ചാപ്പലിന് സമീപമുള്ള വീട്ടിൽ വെള്ളം കയറിയപ്പോൾ
മരട്: വെള്ളിയാഴ്ച രാത്രിയോടെ പെയ്ത കനത്ത മഴയിൽ മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. അയിനി തോടിന്റെ വിവിധ ഭാഗങ്ങളിലുള്ള 6, 7, 9, 11, 12, 13 ഡിവിഷനുകളിലായിരുന്നു വെള്ളം കയറിയത്. അയിനി തോടിന്റെ കലുങ്ക് നിർമാണം നടക്കുന്നതും പോളപ്പായൽ തിങ്ങിയതും ജലാശയങ്ങൾ നിറഞ്ഞ പല പ്രദേശങ്ങളും നികത്തിയതും വെള്ളക്കെട്ടിന് കാരണമായി.
അതേസമയം മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമായി നടക്കാത്തതും സ്ഥിതി ഗുരുതരമാക്കിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിരവധി വീടുകളുടെ അകത്തും അടുക്കളയിലും ഉൾപ്പെടെ വെള്ളം കയറി. കൂടാതെ പല കടകളിലും വെള്ളം കയറി സാധനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഭക്ഷണം പാകംചെയ്യാൻ കഴിയാതെ ജനം ദുരിതത്തിലായി.
പിവികെ റോഡ്, അയിനി-പേട്ട റോഡിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. 10-ാം ഡിവിഷൻ കാട്ടിത്തറ സേവ്യറിന്റെ വീടിനകത്ത് വെള്ളം കയറി, ആറാം ഡിവിഷൻ പനക്കപ്പാടം പ്രദേശം നിരവധി വീടുകളിൽ വെള്ളം കയറി. മാധ്യമം റോഡിൽ ഷാജിയുടെ വീട്ടിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. ഇന്ദിരാജി റോഡിൽ അനുഗ്രഹ ലെയിനിൽ വീടുകളിൽ വെള്ളം കയറി. കാനകളും തോടുകളും ശുചീകരിക്കാൻ വൈകിയതാണ് വെള്ളക്കെട്ടിന് കാരണമെന്ന ആക്ഷേപവും ശക്തമാണ്.
മരടിലെ മഴക്കാലപൂർവ ശുചീകരണം സമ്പൂർണ പരാജയമായതാണ് എല്ലാ വാർഡുകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണമെന്നും ആരോപണമുണ്ട്. വീടുകളിൽ വെള്ളം കയറിയതോടെ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ജെസിബി ഉപയോഗിച്ച് പോളപ്പായലും മറ്റും കോരുകയും തടസ്സങ്ങൾ നീക്കുകയും ചെയ്തു. ഉച്ചയോടെയാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.