കൊച്ചി: ദരിദ്രരില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണ് എറണാകുളം. നവംബർ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായാണ് ജില്ലയിൽ കർമപദ്ധതികൾ വേഗത്തിലാക്കുന്നത്. ഇതിനായി അതിദാരിദ്ര്യ നിർണയപ്രക്രിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെ വിവിധ പദ്ധതികൾ വഴി ദരിദ്രാവസ്ഥയിൽനിന്ന് മോചിപ്പിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കുടുംബങ്ങളെ കണ്ടെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങളുള്ള പട്ടികയിൽ നാലാംസ്ഥാനമായിരുന്നു ജില്ലക്കുള്ളത്. ഇതുവരെ 88 ശതമാനം പേരെ ദാരിദ്ര്യമുക്തരാക്കി മികച്ച പ്രകടനമാണ് ജില്ല നടത്തിയത്.
ജില്ലയിൽ കണ്ടെത്തിയത് 5650 അതിദരിദ്രരെ
അതിദാരിദ്ര്യ നിർണയപ്രക്രിയയിലൂടെ ജില്ലയിൽ കണ്ടെത്തിയത് 5650 കുടുംബങ്ങളെയാണ്. പട്ടികവർഗക്കാരായ 124 കുടുംബങ്ങളും പട്ടികജാതിയിൽപെടുന്ന 1223 കുടുംബങ്ങളും മറ്റ് വിഭാഗക്കാരായ 4303 കുടുംബങ്ങളുമാണ് ഈ ഗണത്തിലുള്ളത്. ഇങ്ങനെ കണ്ടെത്തിയവരിൽ ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരം 4107 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കിയിരുന്നു. ഇവർക്കായി 5079 മൈക്രോപ്ലാനുകളാണ് തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഇതര സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി പുരോഗമനം.
ശേഷിക്കുന്നത് 673 കുടുംബങ്ങൾ
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജില്ലയിൽ അതിദാരിദ്ര്യത്തിൽ മുക്തരാകാൻ അവശേഷിക്കുന്നത് 673 കുടുംബങ്ങൾ മാത്രമാണ്. ആകെ കണ്ടെത്തിയ 5650 കുടുംബങ്ങളിൽ ഇതിനോടകം 4977 കുടുംബങ്ങളും അതിദാരിദ്ര്യത്തിൽനിന്ന് മോചിതരായി. സർക്കാറിന്റെ കണക്കുകൾ പ്രകാരം ജനുവരി 15 മുതൽ ഇതുവരെ മാത്രം 870 കുടുംബങ്ങളാണ് ദാരിദ്യമുക്തമായത്. അടുത്ത മാസം അവസാനത്തോടെ ജില്ലയെ സമ്പൂർണമായി അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള കർമപദ്ധതികളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ല ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭൂമിക്കായി കാത്തിരിക്കുന്നത് 133 കുടുംബങ്ങൾ
അതിദരിദ്രരുടെ പട്ടികയിൽ ജില്ലയിൽ ഭൂമിക്കായി കാത്തിരിക്കുന്നത് 133 കുടുംബങ്ങളാണ്. ഇതിൽ 33 പേർക്ക് ഈ മാസം ഭൂമി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാകും. അടുത്ത മാസത്തോടെ മറ്റുളളവർക്കും ഭൂമി കണ്ടെത്തി നൽകുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഈ ലക്ഷ്യത്തോടെ കൂടുതൽ ഭൂമി കൈവശമുള്ള ഭൂവുടമകളെ ഉൾപ്പെടുത്തിയുള്ള ‘മനസ്സോടിത്തിരി മണ്ണ്’ കാമ്പയിനും ജില്ലയിൽ നടത്തിയിരുന്നു.
ഇതോടൊപ്പം ഇവർക്കായി ‘അവകാശം, അതിവേഗം’ പദ്ധതിയിൽപെടുത്തി വിവിധ രേഖകളുടെ വിതരണം, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭക്ഷണവിതരണം, ചികിത്സ സഹായം, സ്വയംതൊഴിൽ, വിദ്യാർഥികൾക്ക് പഠനോപകരണം, കെ.എസ്.ആർ.ടി.സിയിൽ യാത്രാസൗജന്യം, പഠനമുറി, എസ്.എസ്.എൽ.സി പാസാകുന്ന കുട്ടികൾക്ക് വീടിനടുത്ത സ്കൂളിൽ തുടർപഠനത്തിന് പ്രവേശനം തുടങ്ങി വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.