കൊച്ചി: പട്ടാപ്പകൽ ബ്യൂട്ടിപാർലറുകളിൽ അതിക്രമിച്ച് കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പാലാരിവട്ടത്തെ രണ്ട് ബ്യൂട്ടി പാർലറുകളിൽ നിന്നായി 25,000 രൂപയോളം കവർന്ന ആലുവ തായിക്കാട്ടുകര മണപ്പാട്ടിപറമ്പിൽ വീട്ടിൽ മൻസൂർ, കളമശ്ശേരി കുസാറ്റ് പുന്നക്കാട്ട്മൂല വീട്ടിൽ വിഷ്ണു എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. തമ്മനം ഷാജിയുടെ ആളാണെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം കവർന്ന് കടന്നുകളഞ്ഞ ഇരുവരും പാലക്കാട് ഒറ്റപ്പാലത്ത് വീട്ടിൽ ഒളിച്ചുകഴിയുന്നതിനിടെയാണ് ബുധനാഴ്ച പുലർച്ചയോടെ പിടിയിലായത്. സംഘത്തിലെ രണ്ടു പേരെക്കൂടി കിട്ടാനുണ്ട്. ഒളിവിൽ പോയ ഇവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പാലാരിവട്ടം എസ്.എച്ച്.ഒ എസ്.സനലിന്റെ നേതൃത്വത്തിൽ എസ്.ഐ അഖിൽദേവ്, എ.എസ്.ഐ ഷിഹാബ്, എ.എസ്.ഐമാരായ ലാലു ജോസഫ്, സോമൻ, സി.പി.ഒമാരായ മാഹിൻ, അരുൺ, വിപിൻ, നിഖിലേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കൃത്യത്തിന് ഉപയോഗിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. ജനുവരി രണ്ടിനും തൈക്കൂടം ഭാഗത്തെ മറ്റൊരു ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറി സമാനമായ രീതിയിൽ 30,000 രൂപയോളം ഇവർ കവർന്നിട്ടുണ്ട്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.