കുതിപ്പ് തുടർന്ന് എറണാകുളം

കൊച്ചി: നാട്യങ്ങളും താളങ്ങളും ലയവും സംഗീതവുമെല്ലാം സംഗമിച്ച കൗമാര കലാവസന്തത്തിന്‍റെ രണ്ടാം നാളും കിരീടത്തിലേക്ക് മുന്നേറി എറണാകുളം ഉപജില്ല. 469 പോയന്റുമായാണ് ആതിഥേയർ കുതിക്കുന്നത്. 439 പോയന്റോടെ നോര്‍ത്ത് പറവൂര്‍ രണ്ടാമതും 420 പോയന്റോടെ മട്ടാഞ്ചേരി മൂന്നാമതും തുടരുന്നു. ആലുവ (418), പെരുമ്പാവൂര്‍ (407) എന്നീ ഉപജില്ലകൾ നാലും അഞ്ചും സ്ഥാനത്തുണ്ട്.

ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ ഇ.എം.എച്ച്.എസ് 123 പോയന്റോടെ സ്‌കൂളുകളുടെ പട്ടികയില്‍ മുന്നിലെത്തി. എറണാകുളം സെന്റ് തേരേസാസ് സി.ജി.എച്ച്.എസ്.എസ്- 121 സഹോദരന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ് ചെറായി- 117, സെന്റ് അഗസ്റ്റിന്‍സ് ജി.എച്ച്.എസ്.എസ് മൂവാറ്റുപുഴ- 110, ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് എടവനക്കാട്- 103 എന്നീ സ്‌കൂളുകൾ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുണ്ട്.

യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ ആലുവ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, വൈപ്പിന്‍, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍, കോലഞ്ചേരി എന്നീ ഉപജില്ലകള്‍ 20 പോയന്റുമായി മുന്നിട്ടുനില്‍ക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 35 പോയന്റോടെ പെരുമ്പാവൂര്‍ ഉപജില്ലയാണ് മുന്നില്‍. 33 പോയന്റോടെ കോലഞ്ചേരി, അങ്കമാലി ഉപജില്ലകള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 53 പോയന്റുമായി മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, അങ്കമാലി, ആലുവ ഉപജില്ലകളാണ് മുന്നില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 30 പോയന്റോടെ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, നോര്‍ത്ത് പറവൂര്‍, കോലഞ്ചേരി, അങ്കമാലി, ആലുവ ഉപജില്ലകള്‍ മുന്നിലാണ്. രണ്ടാം ദിനം പ്രധാനവേദിയായ എറണാകുളം സെന്‍റ് ആന്‍റണീസ് എച്ച്.എസ്.എസിൽ കലക്ടർ ജി.പ്രിയങ്ക കലോത്സവം ഉദ്ഘാടനം ചെയ്തു. നടൻ ബിബിൻ ജോർജ് മുഖ്യാതിഥിയായി. ആർ.ഡി.ഡി ഡോ. ഡി.ജെ. സതീഷ് അധ്യക്ഷത വഹിച്ചു.

മാർഗംകളിയിൽ കുത്തക വിടാതെ സെന്‍റ് അഗസ്റ്റിൻസ്

കൊച്ചി: ഒന്നും രണ്ടുമല്ല, തുടർച്ചയായ 17 വർഷവും മാർഗംകളിയിൽ കിരീടംചൂടി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ജി.എച്ച്.എസ്.എസ്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറിയിലും ഇതേ സ്കൂളിലെ ടീമുകൾ തുടർച്ചയായ 17ാമതും മുന്നിലെത്തിയെന്നത് സ്കൂളിന് ഇരട്ടിനേട്ടമായി. ഇരു വിഭാഗത്തിലും ഏഴു ടീമുകൾ മത്സരത്തിനുണ്ടായിരുന്നു.

ചഞ്ചല്‍ ജോസ്, ആദിത്യ ശ്രീജു, അലാന ലയ ജയിംസ്, ദില്‍ന സാബു, പാര്‍വണേന്ദു സന്തോഷ്, റോസ്‌ന ജോമി, റിയ റെജി എന്നിവര്‍ എച്ച്.എസ്.എസ് വിഭാഗത്തിലും കെ.എസ്. കാര്‍ത്തിക, എല്‍സ ജോമോന്‍, ആര്‍ദ്ര സുനില്‍, മാളവിക ബാലു, അക്‌സ ബിജോ, അരുണിമ എം. ബാബു, അയോണ സണ്ണി എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും മാറ്റുരച്ചു.

പരിശീലകനായ ജയിംസ് കോട്ടയത്തിനു കീഴിലാണ് എച്ച്.എസ്.എസ് വിഭാഗം തുടർച്ചയായ 17ാം തവണയും ഒന്നാമതെത്തുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തെ ഇ.എന്‍. മോഹനനും പരിശീലിപ്പിച്ചു.

Tags:    
News Summary - District School kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.