കാക്കനാട്: രണ്ടു ദിവസമായി വാർത്തകളിൽ ഇടംപിടിച്ച എറണാകുളം കലക്ടറേറ്റിലെ തോക്ക് കേസിന് താൽക്കാലിക പര്യവസാനം. സംഭവത്തിൽ വിവാദനായകനായി മാറിയിരുന്ന വയോധികൻ ബുധനാഴ്ച കലക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തി. ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹം കലക്ടറേറ്റിലെത്തിയത്.
ഇവിടെ വെച്ച് തോക്ക് പുറത്തെടുത്തതോടെ ജീവനക്കാർ ഭയന്നോടുകയായിരുന്നു. തുടർന്ന് എ.ഡി.എം എസ്. ഷാജഹാൻ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തൃക്കാക്കര പൊലീസ് ഇദ്ദേഹത്തെയും തോക്കും കസ്റ്റഡിയിൽ എടുത്തു. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് വിട്ടയച്ചത്. ജീവനക്കാർക്ക് പരാതി ഇല്ലാതിരുന്നതിനാൽ കേസെടുത്തിട്ടില്ല.
വിവാദമുണ്ടായ സാഹചര്യത്തിലാണ് മൂവാറ്റുപുഴ സ്വദേശിയും മുൻ ഡെപ്യൂട്ടി തഹസിൽദാറുമായിരുന്ന ഇദ്ദേഹം ബുധനാഴ്ച കലക്ടറേറ്റിൽ എത്തിയത്. ഏറെനാളായി ഉപയോഗിക്കാതിരുന്നതിനാൽ തോക്കിന് കേടുപാട് സംഭവിച്ചിരുന്നു. ഇത് കാണിക്കാനാണ് തോക്ക് പുറത്തെടുത്തതെന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞു. നിലവിൽ കലക്ടറേറ്റിൽ ജോലി ചെയ്യുന്ന ഏതാനും ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്‍റെ കീഴിൽ ജോലി ചെയ്തവരായിരുന്നു.
അതേസമയം, സംഭവത്തിൽ റവന്യൂ വകുപ്പിന് ഉടൻ റിപ്പോർട്ട് നൽകിയേക്കും എന്നാണ് വിവരം. തിങ്കളാഴ്ച നടന്ന സംഭവം കലക്ടറേറ്റിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. നിരവധി പേരാണ് കലക്ടർ, എ.ഡി.എം, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരെ സന്ദർശിക്കുന്നതിനായി ദിവസേന സിവിൽ സ്റ്റേഷനിൽ എത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ജില്ല ഭരണകൂടം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സന്ദർശകരുടെ ബാഗുകൾ പരിശോധിക്കുന്നതിന് ഉൾപ്പെടെ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.