ഫോർട്ട്കൊച്ചിയിൽ പോളപ്പായൽ ഭീഷണി നേരിടുന്ന ചീനവലകൾ
ഫോർട്ട്കൊച്ചി: അഴിമുഖത്തും കടൽതീരത്തും പോളപ്പായൽ അടിയുന്നതിനാൽ ചീനവല മത്സ്യബന്ധനം പ്രതിസന്ധിയിലാകുന്നു. പൊതുവെ മത്സ്യലഭ്യത കുറവിനെ തുടർന്ന് പ്രതിസന്ധിയിലാണ് ചീനവലകൾ.
ഇതിനിടെയാണ് കൂനിൻന്മേൽ കുരു എന്ന പോലെ പോളപായലും വിനയായി മാറുന്നത്. കൂട്ടമായി ഒഴുകിയെത്തുന്ന പായലുകൾ ശക്തമായിടിച്ച് വലയുടെ കൈകൾ അടക്കമുള്ള ഭാഗങ്ങൾ ഒടിയുന്നതായും, വലകൾ താഴ്ത്തുമ്പോൾ വലക്കകത്ത് പായൽക്കൂട്ടം കയറുകയും, ഉയർത്തുമ്പോൾ ഭാരം താങ്ങാതെ വല കീറി പോകുന്നതായും മത്സ്യതൊഴിലാളികൾ പറയുന്നു.
പോളപ്പായലുകൾ ഉറവിടത്തിൽ തന്നെ നശിപ്പിക്കുന്നതിനോ കായലുകളിൽ തടഞ്ഞുനിർത്തി നശിപ്പിക്കുന്നതിനോ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണന്ന് ചീനവല തൊഴിലാളികൾ പറയുന്നു. ഇത്തരം സാഹചര്യം തുടരുന്നത് കൊച്ചിയുടെ മുഖമുദ്രയായ ചീനവലകളെ തന്നെ ഇല്ലാതാക്കുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഇത് ടൂറിസത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.