മരട്: സ്വകാര്യ സ്ഥാപനത്തിലെ മാനേജരെ ബ്ലാക്ക് മെയില്‍ ചെയ്ത് 46.48 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കൊട്ടാരക്കര ഗോകുലം വീട്ടില്‍ സഹോദരങ്ങളായ ഹരികൃഷ്ണന്‍ (28), ഗിരികൃഷ്ണന്‍ (25) എന്നിവരെയാണ് മരട് പൊലീസ് കൊട്ടാരക്കരയില്‍നിന്ന് പിടികൂടിയത്. സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ 48കാരനെ ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ചാറ്റ് ചെയ്ത് നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും അത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തിയാണ് 2021 മേയ് മുതല്‍ പ്രതികള്‍ പല ബാങ്ക് അക്കൗണ്ടുകളിലേക്കായി 46.48 ലക്ഷം കൈക്കലാക്കിയത്.
സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന പരാതിക്കാരനെ പ്രതികള്‍ സ്ത്രീകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു. ശബ്ദം സ്ത്രീകളുടേതിന് സമാനമാക്കാന്‍ പലതരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതിലൂടെ വോയ്‌സ് മെസേജുകള്‍ അയച്ചാണ് പരാതിക്കാരന് മെസേജുകള്‍ അയച്ചിരുന്നത്. നേരില്‍ കാണാൻ കലൂരിലെ ഫ്ലാറ്റിൽ എത്തണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ എത്തിയെങ്കിലും വിലാസം വ്യാജമാണെന്ന് മനസ്സിലായതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതികളുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ വഞ്ചനക്കേസുകള്‍ നിലവിലുണ്ട്.
കൊച്ചി സിറ്റി പൊലീസ് മേധാവി നാഗരാജു ചക്കിലം പ്രതികളെപ്പറ്റി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസിന്‍റെ നിർദേശപ്രകാരം എറണാകുളം അസി. പൊലീസ് കമീഷണര്‍ വൈ. നിസാമുദ്ദീന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ മരട് എസ്.എച്ച്.ഒ ജോസഫ് സാജന്‍, എസ്.ഐമാരായ റിജിന്‍ എ. തോമസ്, ഹരികുമാര്‍, എ.എസ്.ഐ രാജീവ് നാഥ്, സി.പി.ഒമാരായ അരുണ്‍രാജ്, പ്രശാന്ത് ബാബു, വിനോദ് വാസുദേവന്‍ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.