കൊച്ചി: സ്കൂളുകൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വിപണികൾ ഉണരുന്നു. പുത്തൻ ബാഗും കുടയും പുസ്തകങ്ങളും ടിഫിൻ ബോക്സും റെയിൻ കോട്ടും വാങ്ങാനെത്തുന്ന കുട്ടിമനസ്സുകൾക്കായി ബ്രോഡ്വെ ഉൾപ്പെടെ എറണാകുളം നഗരത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. സ്കൂൾ ഷോപ്പിങ്ങിന് എത്തുന്നവരെ ആകർഷിക്കുന്ന വ്യത്യസ്തമായ മോഡലുകളുടെ സ്റ്റോക്കുകളാണ് വ്യാപാരികൾ കടകളിൽ എത്തിച്ചിട്ടുള്ളത്.
സ്പൈഡർമാനടക്കം സൂപ്പർ ഹീറോസും ഡിസ്നി കാരക്ടേഴ്സും പതിച്ച ബാഗുകൾ ഉണ്ടെങ്കിലും കൊറിയൻ മോഡലും നറൂട്ടോ കഥാപാത്രങ്ങളുമാണ് വിപണിയിലെ പുതിയ താരങ്ങൾ. കൊറിയൻ, ചൈനീസ് മോഡലുകളിൽ, അറകൾ കൂടുതലുള്ള ഹാർഡ് ക്ലോത്തിലുള്ള ബാഗിന് 1,499 രൂപയും സോഫ്റ്റ് ക്ലോത്തിലുള്ളതിന് 1,399 രൂപയുമാണ് വില. 790 രൂപയുള്ള നെരോറ്റ കഥാപാത്രങ്ങൾ പതിച്ച ബാഗുകളും ലഞ്ച് കിറ്റും പെൻസിൽ ബോക്സും സൗജന്യമായി ലഭിക്കുന്ന സ്പൈഡർമാൻ ബാഗുകളും ലഭ്യമാണ്. അതേസമയം, 445 രൂപ മുതൽ വിലയുള്ള പ്രാദേശികമായി നിർമിച്ച വ്യത്യസ്ത മോഡലുകളിലെ ബാഗുകളും കടകളിലുണ്ട്. സി.ബി.എസ്.ഇ സ്കൂൾ വിദ്യാർഥികൾക്കുള്ള 1,000 രൂപ മുതൽ വിലയുള്ള യങ് ബാഗുകളും വിപണിയിലുണ്ട്.
കുട്ടികളെ ആകർഷിക്കുന്ന ഇരട്ട വർണത്തിലും വ്യത്യസ്ത രൂപങ്ങളിലുമുള്ള പ്ലാസ്റ്റിക്, സ്റ്റീൽ, ത്രീപീസ് വാട്ടർബോട്ടിലുകൾ വിപണിയിൽ ലഭ്യമാണ്. സിപ്പറിലൂടെ വലിച്ചും ഒാപൺ ചെയ്തും കുടിക്കാൻ കഴിയുന്നതാണ് ഡബ്ൾ കളർ മോഡൽ. അര, ഒന്ന്, രണ്ട് ലിറ്റർ എന്നീ അളവുകളിലുള്ള ത്രീപീസ് ബോട്ടിലുകൾക്ക് 249 രൂപയാണ് വില. ഒന്നിലധികം കുട്ടികളുള്ള കുടുംബത്തിൽ ത്രീപീസ് ബോട്ടിൽ വാങ്ങുന്നത് ലാഭകരമാണ്. കുട്ടികളെ ആകർഷിക്കുന്നതാണ് കരടിക്കുട്ടന്റെ രൂപത്തിലുള്ള 600 മില്ലീ ലിറ്റർ ബോട്ടിൽ. 245 രൂപയാണ് ഈ മോഡലിന്റെ വില. ഇത് കൂടാതെ, 99 രൂപ മുതൽ വിലയുള്ള പ്ലാസ്റ്റിക്, സ്റ്റീൽ വാട്ടർബോട്ടിലുകളും ലഭ്യമാണ്.
കുട്ടികൾക്ക് ഉച്ചഭക്ഷണം കൊണ്ടുപോകുന്നതിനുള്ള പ്ലാസ്റ്റിക്, സ്റ്റീൽ കവറിങ്, മെറ്റൽ മോഡലുകളിലെ ലഞ്ച് ബോക്സുകളും വിൽപനക്കുണ്ട്. നിറവും ഗുണമേന്മയും അടിസ്ഥാനമാക്കി 150 രൂപ മുതൽ 1,000 രൂപയും അതിന് മുകളിലുമാണ് ഇവയുടെ വില. 190 രൂപ മുതൽ വിലയുണ്ടെങ്കിലും ചൂട് നിലനിർത്താൻ ഉൾഭാഗം തെർമലിലും കുട്ടികളെ ആകർഷിക്കാൻ പുറംഭാഗം ബാർബി ചിത്രം പതിച്ചതുമായ ലഞ്ച് കിറ്റാണ് ട്രെൻഡിങ്. ഇത്തരം ലഞ്ച് കിറ്റിന് 290 രൂപയാണ് വില.
സ്കൂൾ കുട്ടികൾക്കുള്ള 100 രൂപയിലും 400 രൂപയിലും തുടങ്ങുന്ന റെയിൻ കോട്ടുകൾ കടകളിൽ ലഭ്യമാണ്. 240 രൂപ ശരാശരി വിലയുള്ള കോട്ടുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. 240 രൂപ മുതൽ വിലയുള്ള വ്യത്യസ്ത കമ്പനികളുടെ കുടകളും വിപണിയിൽ ലഭ്യമാണ്. നിയമസഭ തെരഞ്ഞെടുപ്പും യുദ്ധവും കാരണം വൈകിത്തുടങ്ങിയ സ്കൂൾ വിപണി, മേയ് പകുതിയോടെ തിരക്കിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷയെന്ന് ബ്രോഡ് വേയിലെ ബാഗ് വ്യാപാരിയായ ഷക്കീൽ പറയുന്നു.
നോട്ട്ബുക്ക് വിപണിയും സജീവമാണ്. പേപ്പർ ഗ്രിഡ്, ക്ലാസ്മേറ്റ്, പാകോ, നവനീത് ഉൾപ്പെടെ കമ്പനികളുടെ നോട്ട്ബുക്കുകളിൽ 25 മുതൽ 50 ശതമാനം വരെ വിലയിളവ് ചില വ്യാപാരികൾ വാഗ്ദാനം ചെയ്യുന്നു.
100 പേജുള്ള നോട്ട്ബുക്കിന് 20 രൂപയാണ് വില. കൂടുതൽ എണ്ണം ബുക്കുകൾ വാങ്ങുന്നവർക്ക് വിലയിൽ പ്രത്യേക ഇളവും നൽകുന്നുണ്ട്.
ബുക്ക് പൊതിയാൻ ഉപയോഗിക്കുന്ന ബ്രൗൺ, സിന്തറ്റിക്, പ്ലാസ്റ്റിക്, ട്രാൻസ്പെരന്റ്, സ്റ്റിക്കർ, പ്ലെയ്ൻ പേപ്പർ റോളുകളും വിപണിയിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.