മട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അമൃത് 2.0 പദ്ധതി വഴി തോപ്പുംപടിയിൽ നാലുലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമാണവും പമ്പ് ഹൗസ് നവീകരണവും ഉൾപ്പെടുന്ന പദ്ധതിയുടെ റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.
കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് 29ന് കൊച്ചിയിൽ ഉന്നതല ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മുഹമ്മദ് ഷിയാസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. അമൃത് പദ്ധതി വഴി തോപ്പുംപടിയിൽ നാലുലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമാണവും പമ്പ് ഹൗസ് നവീകരണവും അനുബന്ധ പൈപ്പ് ലൈൻ ജോലികളും ഉൾപ്പെടുന്ന പദ്ധതിയുടെ ഭരണാനുമതി റദ്ദാക്കിയ നടപടിയാണ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് പദ്ധതിയുടെ ഭരണാനുമതി ജലവിഭവ വകുപ്പ് റദ്ദാക്കിയത്.
തോപ്പുംപടി അടക്കമുള്ള ജനസാന്ദ്രതയുള്ള പ്രദേശത്ത് പമ്പ് ഹൗസിലെ ടാങ്ക് കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ചതായതിനാൽ വെള്ളം സംഭരിക്കാൻ സാധിക്കുന്നില്ല. പമ്പിങ് നേരിട്ടാണ് ഇപ്പോൾ നടത്തുന്നത്. നാൽപതിനായിരത്തോളം വരുന്ന ജനങ്ങൾ ആശ്രയിക്കുന്ന ഏക പമ്പ് ഹൗസാണ് ഇത്. 80 ലക്ഷം ലിറ്റർ വെള്ളം പ്രതിദിനം ഇതിലൂടെ പമ്പ് ചെയ്യുന്നുണ്ട്. പദ്ധതി റദ്ദാക്കുകയാണെങ്കിൽ തോപ്പുംപടി, ഇ.എസ്.ഐ റോഡ്, പള്ളിച്ചൽ റോഡ്, സാൻതോം പള്ളി വരെയുള്ള പ്രദേശങ്ങളിലെ 40,000ത്തോളം ജനങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങും. പമ്പ് ഹൗസ് നവീകരണവും അഞ്ചര കി.മീ. നീളത്തിൽ പി.വി.സി പൈപ്പുകൾ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. പല തവണ റീ-ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ പങ്കെടുക്കാൻ തയാറായില്ല. ഒടുവിൽ മൈക്കിൾ ആൻഡ് മൈക്കിൾ പൈപ്പ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒറ്റ കരാറുകാരൻ ടെണ്ടർ ചെയ്ത തുക എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതലാണ്. പ്രവൃത്തി അടിയന്തര പ്രാധാന്യമുള്ളതിനാൽ ടെൻഡർ അംഗീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.