റിഹാന കാതറിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയവർ
കാക്കനാട്: 12 കാരിയുടെ അപകട മരണത്തിൽ തൃക്കാക്കര നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും പ്രതിഷേധം. നഗരസഭാ അങ്കണത്തിലും എൻജിനിയറിങ് വിഭാഗത്തിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതിഷേധം നടന്നത്. സൈക്കിൾ സവാരിക്കിടയിൽ നിയന്ത്രണംവിട്ട് മുപ്പതടി താഴ്ചയിലേക്ക് വീണ് മരണപ്പെട്ട കാക്കനാട് ഓണം പാർക്കിനു സമീപത്തെ ഗുഡ് എർത്ത് ഹ്യൂസ് ഫ്ലാറ്റിലെ 12കാരി റിഹാന കാതറിൻ അപകടത്തിൽപ്പെട്ട റോഡിലെ യുടേൺ ഭാഗത്ത് സുരക്ഷ വേലി നിർമിച്ചില്ലെന്ന ആക്ഷേപവുമായാണ് പ്രതിഷേധക്കാർ നഗരസഭയിൽ ഉപരോധം തീർത്തത്. നഗരസഭ പ്രതിപക്ഷ നേതാവ് സി.പി. സാജൽ, സി.എ. നിഷാദ്, കെ.എ. നജീബ്, പ്രശാന്ത്, അഡ്വ. ഷിഹാബ്, റസിയ നിഷാദ്, എന്നിവരുടെ നേതൃത്വത്തിൽ എൻജിനിയറിങ് വിഭാഗത്തിലെത്തിയ പ്രതിഷേധക്കാർ കുത്തിയിരുന്ന് ഏറെ നേരം മുദ്രാവാക്യം മുഴക്കി.
അപകടമുണ്ടായ സ്ഥലത്തെ അശാസ്ത്രീയ റോഡ് നിർമാണമാണ് അപകടത്തിന് കാരണമെന്നും അടിയന്തിരമായി ആ ഭാഗത്ത് ഉറപ്പുള്ള സുരക്ഷാ വേലി നിർമിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അസി: എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശ പ്രകാരം വൈകുന്നേരത്തോടെ അപകടമുണ്ടായ റോഡിലെ യുടേൺ വളവിൽ കമ്പിവേലി നിർമിക്കാനുള്ള നടപടികൾ നഗരസഭ അധികൃതർ ആരംഭിച്ചു. മണ്ണിട്ട് ഉയർത്തി ഇന്റർലോക്ക് കട്ടപാകിയ ഭാഗം പൊളിച്ചു നീക്കി ആഴത്തിൽ ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് രണ്ടാഴ്ചക്കുള്ളിൽ ഉറപ്പുള്ള സുരക്ഷ വേലിയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
അശാസ്ത്രിയമായ റോഡു നിർമാണം മൂലം അപകടത്തിൽ മരണമടഞ്ഞ 12 വയസുകാരി റിഹാന കാതറിൻ ഉറ്റവരുടെയും ഉടയവരുടെയും അന്ത്യോപചാരം ഏറ്റുവാങ്ങി മടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് 11 മണി മുതൽ കാക്കനാട് മാവേലിപുരത്തെ ഗുഡ് എർത്ത് ഹ്യൂസ് ഫ്ലാറ്റിൽ പൊതുദർശനത്തിന് വച്ച റിഹാനയുടെ മൃതദേഹം മൂന്നുമണിയോടെ എറണാകുളം ബസലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ജീവിതത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിനാളുകൾ കുഞ്ഞു കാതറിന് വിടചൊല്ലാൻ ഫ്ലാറ്റിൽ എത്തിയിരുന്നു. റിഹാന കാതറിൻ പഠിച്ച സ്കൂളിലെ സഹപാഠികളും അധ്യാപകരും ബന്ധുക്കളും ഫ്ലാറ്റ് നിവാസികളും നാട്ടുകാരും മൃതദേഹം കാണാനെത്തി. ഹൈബി ഈഡൻ എം.പി, മുൻ മന്ത്രി പി. രാജീവ്, കെ.എസ്. അരുൺകുമാർ, നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, വൈസ് ചെയർപേഴ്സൺ അഡ്വ. ഷെറീന ഷുക്കൂർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.