തോക്കുമായി പിടിയിലായ ബുർഹാൻ അഹമ്മദ്, ഗോവിന്ദകുമാർ

കൂലി നൽകാത്ത കരാറുകാരനെ വകവരുത്താനെന്ന് സംശയം; തോക്കുമായി രണ്ട് യു.പി സ്വദേശികൾ അറസ്​റ്റിൽ

അങ്കമാലി: പണിയെടുത്ത കൂലി നൽകാത്ത കരാറുകാരനെ വകവരുത്താൻ എത്തിയതെന്ന്​ കരുതുന്ന രണ്ട്​ യു.പി സ്വദേശികളെ തോക്ക്​ സഹിതം പൊലീസ്​ പിടികൂടി. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹാൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ്​ അങ്കമാലി പൊലീസ്​ അറസ്റ്റ് ചെയ്തത്.

അങ്കമാലി കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പണിയെടുത്ത വകയിൽ ബുർഹാൻ അഹമ്മദിന് കരാറുകാരൻ 48,000 രൂപ നൽകാനുണ്ടായിരുന്നുവത്രെ. ഇത്​ നൽകാത്തതിനെ തുടർന്നാണ്​ ഉത്തർപ്രദേശിൽനിന്ന് സുഹൃത്ത് ഗോവിന്ദകുമാറിനെ തോക്കുമായി ബുർഹാൻ വിളിച്ചു വരുത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

ഇരുവരും തോക്കുമായി നടക്കുന്നതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്ന് അങ്കമാലി സ്റ്റേഷൻ ഹൗസ് ഓഫിസർ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്​. വെടിമരുന്ന് നിറച്ച് ഉപയോഗിക്കാവുന്ന ലൈസൻസില്ലാത്ത പഴയ ഇനം തോക്ക് ബാഗിൽ നിന്നാണ്​ കണ്ടെടുത്തത്​. പ്രതികളിൽനിന്ന് കത്തിയും വയർക്കട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഗോവിന്ദകുമാർ വാടക ഗുണ്ടയായി എത്തിയതാണോ എന്ന കാര്യവും മറ്റ് ബന്ധങ്ങളും കേസുകളും പൊലീസ് അന്വേഷിച്ച് വരുകയാണ്. ഇയാൾ തോക്ക് ഉത്തർപ്രദേശിൽ നിന്ന് പണം കൊടുത്ത് വാങ്ങിയതാണെന്നാണ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

എസ്.ഐ കെ.അജിത്, എ.എസ്.ഐ പി.ജി സാബു, സി.പി.ഒ സി.പി.ഒ മാരായ പ്രസാദ്, ബെന്നി ഐസക്ക്, വിപിൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Tags:    
News Summary - Two UP natives arrested with guns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.