കീഴ്മാട് അന്ധവിദ്യാലയത്തിലെ ഇരട്ടക്കുട്ടികളായ വരുൺ ദേവിനും വസുദേവിനും നിർമ്മിക്കുന്ന വീടിൻറെ തറക്കല്ലിടൽ ചടങ്ങ്

അമ്മയെ നഷ്​ടമായ വരുണിനും വസുദേവിനും വെളിച്ചം പകരാൻ വീടൊരുങ്ങുന്നു

ആലുവ: ചിങ്ങപ്പുലരിയിൽ വീടെന്ന വലിയ സ്വപ്നത്തിന്‍റെ വെളിച്ചം വന്നെത്തിയ ആഹ്ലാദത്തിലാണ് കീഴ്മാട്​ അന്ധവിദ്യാലയത്തിലെ ഇരട്ടക്കുട്ടികളായ വരുൺ ദേവും വസുദേവും.എടവനാട്ടുകാരായ ശെൽവരാജിന്‍റെയും പരേതയായ രമയുടെയും ജന്മനാ കാഴ്ച വൈകല്യമുള്ള ഇരട്ടക്കുട്ടികളാണിവർ.

രണ്ടാം ക്ലാസ് മുതൽ കീഴ്മാട് അന്ധവിദ്യാലയത്തിൽ പഠിക്കുന്ന ഈ കുട്ടികളുടെ അമ്മ അർബുദ രോഗം ബാധിച്ച് രണ്ട് വർഷം മുമ്പാണ്​ മരിച്ചത്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഏറ്റവും മികച്ച പ്രകടനമാണ് ഈ വിദ്യാർത്ഥികൾ സംസ്ഥാന തലത്തിൽ കാഴ്ചവെച്ചത്.

അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു സുരക്ഷിത ഭവനം ഇല്ലാത്തതുകൊണ്ട് സ്കൂളിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം.അതിനിടയിലാണ് മാതാവ് രമയുടെ അകാലത്തിലുള്ള മരണവും. അന്തിയുറങ്ങാൻ സ്വന്തമായൊരു വീടില്ലാത്തതിനൊപ്പം കാഴ്ചവൈകല്യവും നേരിടുന്ന സാഹചര്യത്തിലാണ്​ മാതാവിന്‍റെ വിയോഗം. എല്ലാം കൊണ്ടും തളർന്നു പോയ ഈ കുടുംബത്തിന്‍റെ അവസ്ഥയ്ക്ക് ചെറിയൊരു പരിഹാരമെന്ന നിലയിലാണ് ഒരു വീട് നിർമ്മിച്ചു കൊടുക്കാൻ സ്കൂളും മാനേജ്മെന്‍റായ കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റിയും തീരുമാനിക്കുന്നത്.

ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിന്‍റെ പ്രിൻസിപ്പലും ആലുവ ഏലി ഹിൽസ് മാനേജിങ് ഡയറക്ടറുമായ രവി തോമസ് ഈ കുടുംബത്തിൻറെ അവസ്ഥ നേരിട്ട് മനസിലാക്കുകയും വീട് വെക്കാൻ ആവശ്യമായ സ്ഥലം കീഴ്മാടിൽ അവരുടെ പേരിൽ എഴുതി നൽകുകയുമായിരുന്നു.12 ലക്ഷം വിലവരുന്ന ഫുൾ ഫർണീഷ്ഡ് ആയ ഒരു ഭവനം ക്രിസ്മസ് സമ്മാനമായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാവശ്യമായ സാമ്പത്തിക പിന്തുണ ഉദാര മനസുള്ളവരിൽ നിന്ന് തേടുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കൂൾ മാനേജറും കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി സെക്രട്ടറിയുമായ വർഗീസ് അലക്സാണ്ടർ പറഞ്ഞു.

വീടിന്‍റെ കല്ലിടൽ ചടങ്ങിൽ റവ. പ്രഫ. തോമസ് ജോൺ, രവി തോമസ്, വി.ജി.കോശി, ജോർജ്‌.സി.ചാക്കോ, വറുഗീസ് അലക്സാണ്ടർ, വി.ജെ.കുര്യാക്കോസ്, ജിജി വർഗീസ് ,സെൽവരാജ്, വരുൺ, വസു എന്നിവർ സന്നിഹിതരായിരുന്നു. 

Tags:    
News Summary - The house is getting ready toVarun and Vasudev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.