കീഴ്മാട് സർക്കുലർ റോഡ് നിർമാണം ആരംഭിച്ചപ്പോൾ

കത്തുപാട്ടും പ്രതിഷേധങ്ങളും ഫലംകണ്ടു; കീഴ്മാട് സർക്കുലർ റോഡ് നിർമാണത്തിന് തുടക്കമായി

ആലുവ: വർഷങ്ങളായി തുടരുന്ന പ്രതിഷേധ സമരങ്ങൾക്ക് വിരാമമിട്ട് കീഴ്മാട് സർക്കുലർ റോഡിന്‍റെ നിർമാണത്തിന് തുടക്കമായി. കുട്ടമശേരി - കീഴ്മാട് സർകുലർ റോഡ് ജി.ടി.എൻ മുതൽ അയ്യൻകുഴി വരെ ആദ്യ ഘട്ട നിർമാണം നടത്തിയിരുന്നു. എന്നാൽ, അയ്യൻകുഴി മുതൽ കുട്ടമശ്ശേരി വരെയുള്ള ഭാഗം നന്നാക്കിയിരുന്നില്ല. പല തരത്തിലുള്ള തടസ്സങ്ങൾ മൂലം വർഷങ്ങളായി നിർമാണം മുടങ്ങി കിടക്കുകയായിരുന്നു.

പഞ്ചായത്തിലെ പ്രധാന റോഡാണിത്. അഞ്ച് വർഷത്തോളമായി തകർന്ന് കിടക്കുന്ന ഈ റോഡിലൂടെയായിരുന്നു കീഴ്മാട് നിവാസികളുടെ ദുരിത യാത്ര. കീഴ്മാട് പഞ്ചായത്ത്, കൃഷി ഭവൻ, മൃഗാശുപത്രി വില്ലേജ് ഓഫിസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, രാജഗിരി ആശുപത്രി, ബ്ലൈന്‍റ് സ്കൂൾ, എം.ആർ.എസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ റോഡിലാണുള്ളത്. അതിനാൽ തന്നെ ഇവിടേക്ക് നിത്യേനയുള്ള യാത്ര ദുർഘടം പിടിച്ചതായിരുന്നു.

റോഡിന്‍റെ ദുരിതാവസ്ഥയിൽ അധികൃതരുടെ ശ്രദ്ധ പതിക്കുന്നതിനായി നിരവധി പ്രതിഷേധ സമരങ്ങളാണ് അഞ്ച് വർഷത്തിനിടെ പ്രദേശവാസികൾ നടത്തിയത്. സർക്കുലർ റോഡ് സൗരക്ഷണ സമിതിയുടേയും വിവിധ സംഘടനകളുടേയും  നേതൃത്വത്തിൽ വിവിധ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. ആലുവ - പെരുമ്പാവൂർ റോഡ് ഉപരോധം, പൊതുമരാമത്ത് ഓഫിസ് ഉപരോധം ഉൾപ്പടെ നിരവധി സമരങ്ങൾ നടത്തിയിട്ടും നടപടിയില്ലാത്ത അവസ്ഥയായിരുന്നു. 

പൊതുമരാമത്ത് മന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനങ്ങൾ കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ രണ്ടാഴ്ച മുമ്പ് മാപ്പിളപ്പാട്ട് ഗായകനും ഗാനരചയിതാവുമായ സിറാജ് മുണ്ടേത്ത് റോഡിന്‍റെ അവസ്ഥ കത്തുപാട്ട് രൂപത്തിൽ എഴുതി തകർന്ന റോഡിൽ നിന്ന് സ്വയം പാടി അഭിനയിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 'എത്രയും ബഹുമാനപ്പെട്ട മന്ത്രി റിയാസ് അറിയുവാൻ...' എന്ന് തുടങ്ങുന്ന ഗാനം വൈറൽ ആകുകയും  പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു.

ഉടനടി മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തടസ്സങ്ങൾ നീക്കി റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള നടപടി സ്വീകരിക്കുകയായിയിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ വൈകിയാണെങ്കിലും റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയത് നാട്ടുകാർക്ക് ആശ്വാസമായിട്ടുണ്ട്.   

Tags:    
News Summary - keezhmadu road repair works starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.