ആശുപത്രിക്ക് തീവെച്ച സംഭവം; ഗൂഢാലോചന പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം

ആലുവ: അതിക്രമിച്ച് കടന്ന് ആശുപത്രിക്ക് തീവെച്ച സംഭവത്തിൽ ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം. ആലുവ നജാത്ത് ആശുപത്രിയിൽ ഒരാൾ അതിക്രമിച്ചുകയറി ആശുപത്രി കെട്ടിടമടക്കം കത്തിക്കാനാണ് ശ്രമം നടത്തിയത്. സംഭവത്തിൽ പിക്അപ് വാൻ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ കത്തി നശിച്ചിരുന്നു.

കഴിഞ്ഞ പന്ത്രണ്ടാം തീയതി രാത്രി 10നും 11നും ഇടയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ ഏലൂക്കര പുന്നേൽക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടിൽ നിഷാദ് മുഹമ്മദലിയെ (26) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് തീയിട്ടതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, ഇയാൾ ആസൂത്രിതമായാണ് തീയിട്ടതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, തുടക്കം മുതൽ ആലുവ പൊലീസ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.

ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പ്രതി നിഷാദ് ആശുപത്രിയിലെത്തുന്നത്. ഇയാളെ ആശുപത്രിയിലെത്തിച്ചവരുമായി, ആശുപത്രിക്ക് വെളിയിൽ തർക്കമുണ്ടാക്കുകയും ഉടനെ പുറകുവശത്തേക്ക് ഓടുകയുമാണുണ്ടായത്. ഇയാളുടെ കൈയിൽ കരുതിയിരുന്ന തുണി ഡീസലിൽ മുക്കി വാഹനത്തിനും ആശുപത്രി കെട്ടിടത്തിലെ ട്രാൻസ്‌ഫോർമർ യൂനിറ്റിനും തീയിടുകയായിരുന്നു.

വൻ ദുരന്തത്തിന് കാരണമാകുമായിരുന്ന തീവെപ്പാണ് നടന്നത്. സംഭവസമയം ഗർഭിണികളും കുട്ടികളുമടക്കം അഞ്ഞൂറോളം പേർ ആശുപത്രിയിലുണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്ന് ആശുപത്രിക്കകത്ത് പുക പടർന്നതിനാൽ ഓപറേഷൻ കഴിഞ്ഞ രോഗികൾ ഉൾപ്പെടെ പലരും താഴെ നിലയിലേക്ക് ഇറങ്ങിയോടി.

ഇതിനിടയിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവസമയം ആശുപത്രിയിലുണ്ടായിരുന്ന ആലുവയിലെ എസ്.ഐമാരിൽ ഒരാളായ അബ്ദുൽ റഊഫിന്‍റെയും വിവരമറിഞ്ഞെത്തിയ ആലുവ അഗ്നിരക്ഷാ സേനയുടെയും സന്ദർഭോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

150 പൗണ്ട് ശക്തിയേറിയ നാൽപതോളം ഓക്സിജൻ സിലിണ്ടറുകളാണ് തീ പടർന്ന് പിടിച്ച സ്ഥലത്ത് ഉണ്ടായിരുന്നത്. ആശുപത്രിയിൽ സാമ്പത്തിക തിരിമറി നടത്തിയ ഒരാളെ സമീപകാലത്ത് പുറത്താക്കുകയും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കാര്യമായ നടപടികളുണ്ടായിട്ടില്ല.

ഈ വ്യക്തിയും ബന്ധുക്കളും ആശുപത്രിക്ക് തീയിട്ട സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് ഡയറക്ടറുടെ വീട്ടിൽ ചെന്ന്, കേസുമായി മുന്നോട്ടുപോയാൽ ആശുപത്രിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും പൊലീസ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചും പരിശോധിക്കാൻ തയാറാകുന്നില്ലെന്നും ആശുപത്രി അധികൃതർ ആരോപിക്കുന്നു. 12ന് രാത്രിയിലുണ്ടായ സംഭവത്തിൽ തുടക്കത്തിൽ പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ലത്രേ.

പിന്നീട് എസ്.പിക്ക് പരാതി നൽകിയതിനെ തുടർന്ന് 16 നാണ് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആശുപത്രി കെട്ടിടത്തിലെ ട്രാൻസ്‌ഫോർമർ യൂനിറ്റിനടക്കം തീ വെച്ചിട്ടും, കേവലം ജനറേറ്ററിന് തീവെച്ചെന്ന പേരിലാണ് കേസെടുത്തിട്ടുള്ളതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

Tags:    
News Summary - Hospital fire incident It is alleged that the police are not investigating the conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.