സഞ്ജയ് സിങ്
ആലുവ: രണ്ടുകോടിയോളം രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. കൊൽക്കത്ത നോർത്ത് 24 പർഗാനാസിൽ സഞ്ജയ് സിങ്ങിനെയാണ് (43) ആലുവ സൈബർ പൊലീസ് ടീം അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടൽ നടത്തുന്ന സജി എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനിയാണ് രജിസ്റ്റർ ചെയ്തത്. ഈ കമ്പനികളുടെ ജി.എസ്.ടി ബില്ലുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. സജിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽനിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉൽപന്നങ്ങൾ വിപണനം നടത്തിയതായി രേഖകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
ജി.എസ്.ടി ഓഫിസിൽനിന്ന് രണ്ടുകോടിയുടെ ബാധ്യത നോട്ടീസ് വന്നപ്പോഴാണ് സജി സംഭവം അറിയുന്നത്. തുടർന്ന്, ബിനാനിപുരം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിശദ അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി കേസ് സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. എസ്.പി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിലെ ഫ്ലാറ്റിൽനിന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.
ഓൺലൈൻ ലോണുകൾ എടുക്കാൻ ആധാർ കാർഡ്, പാൻ കാർഡ്, കെ.എസ്.ഇ.ബി ബില്ലുകൾ എന്നിവ സജി സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇവിടെനിന്നായിരിക്കാം തട്ടിപ്പുസംഘത്തിന് വ്യാജ രേഖകൾ ഉണ്ടാക്കാൻ ഡോക്യുമെന്റുകൾ ലഭിച്ചതെന്ന് കരുതുന്നു. സജിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുമായി വിപണനം നടത്തിയെന്ന് പറയുന്ന മറ്റ് കമ്പനികളെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ അതും വ്യാജമാണെന്ന് തെളിഞ്ഞു. ഇതിലെ ആറ് കമ്പനി സഞ്ജയ് സിങ്ങിന്റെ പേരിലുള്ളതാണ്.
ഇൻസ്പെക്ടർമാരായ എം.ബി. ലത്തീഫ്, കെ.ആർ. മോഹൻദാസ്, എസ്.ഐ ടി.എം. സൂഫി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എം. തൽഹത്ത്, ശ്യാംകുമാർ, രതീഷ്, സുഭാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.