അപകടത്തിൽ തകർന്ന സ്വകാര്യ ബസ് 

ആലുവയിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്ക്

ആലുവ: കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് 14 പേർക്ക് പരിക്കേറ്റു. ആലുവ ബാങ്ക് കവലയിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്.

രണ്ട് പേർക്ക് മുഖത്തും ശരീരത്തിലും സാരമായ പരിക്കുണ്ട്. മുപ്പത്തടത്ത് നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ആകാശ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. നഗരത്തിലെ തിരക്കേറിയ ബാങ്ക് കവല ബസ് സ്‌റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ പിന്നിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനകത്ത് തെറിച്ചുവീണും മുഖം കമ്പിയിൽ ഇടിച്ചും മറ്റുമാണ് യാത്രക്കാർക്ക് പരിക്കേറ്റത്. വരുന്ന വഴി കടുങ്ങല്ലുർ നരസിംഹ സ്വാമി ക്ഷേത്രത്തിന് മുന്നിലെ പോസ്‌റ്റിൽ ഇടിച്ചിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.

അപകടത്തിൽ സ്വകാര്യ ബസിന്‍റെ മുൻഭാഗം പാടെ തകർന്നു. ബസിലുണ്ടായിരുന്ന വിദ്യർഥികളടക്കമുള്ള 14 പേർക്കാണ് പരിക്ക്. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ അടുവാശേരി തേറോടത്ത് സുനിലിന്‍റെ ഭാര്യ ലേഖ (45) പിന്നീട് രാജഗിരി ആശുപത്രിയിൽ ചികിത്സ തേടി. മുപ്പത്തടം മുതിരക്കാല സിന്ദു സുദർശനും (45) സാരമായ പരിക്കേറ്റിരുന്നു.

കടുങ്ങല്ലൂർ അമ്പാട്ട് വീട്ടിൽ ശശിധരൻ (62), ഒമ്പതാം ക്ലാസ് വിദ്യാർഥിനി എരമം കാട്ടിപ്പറമ്പ് ആദില ഫർഹത്ത് (15), മുപ്പത്തടം കാരോത്തുകുന്ന് പ്രമീഷ (34), മക്കളായ ഫാത്തിമ നിഹാല (എട്ട്), ഫാത്തിമ നസ്‌റിൻ (12), കടുങ്ങല്ലൂർ മരുതംമൂട്ടിൽ ദിവ്യ ഷാജി (37), കയൻറിക്കര വലിയമാക്കൽ സൗമിനി (50), കടുങ്ങല്ലൂർ പുതുവൽപ്പറമ്പ് ഹരിത (24), മുപ്പത്തടം പള്ളിപ്പറമ്പിൽ ജെയിൻ യാസ്മിൻ (27), കടുങ്ങല്ലൂർ കുട്ടക്കാട്ട് ശ്രീദേവി (61), പേരക്കുട്ടി ആദിത്യ (12), ഒമ്പതാം ക്ലാസ് വിദ്യാർഥിനി തോട്ടക്കാട്ടുകര ചക്കിയൊത്ത് സോന (15) എന്നിവർക്കും പരിക്കേറ്റു. സ്വകാര്യ ബസോടിച്ച ഡ്രൈവർ മുപ്പത്തടം ശ്രീഭവനിൽ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു.

Tags:    
News Summary - Fourteen persons were injured when a private bus collided with a KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.