ആലുവ: രാഷ്ട്രീയ വൈരം തീർക്കാൻ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡൻറിനെതിരെ എസ്.പിക്ക് പരാതി നൽകി. വെൽഫെയർ പാർട്ടി ആലുവ മണ്ഡലം വൈസ് പ്രസിഡൻറ് ആലുവ തോട്ടുമുഖം സ്വദേശി അബ്ദുൽ കരീം എന്ന കരീം കല്ലുങ്കലാണ് റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.
കീഴ്മാട് പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ എടയപ്പുറം എന്ന സ്ഥലത്തുള്ള കാർബൺ കമ്പനിയുമായി ബന്ധപ്പെട്ട് പതിനെട്ടാം വാർഡ് ഗ്രാമവാസികൾ പ്രത്യേക ഗ്രാമസഭ വിളിച്ചു കൂട്ടണമെന്ന് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് 2022 ജൂൺ മാസം 13 ആം തീയതി രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡൻറിൻറെ അധ്യക്ഷതയിൽ ഗ്രാമസഭ കൂടി. ഗ്രാമസഭയിൽ 250ലേറെ അംഗങ്ങൾ പങ്കെടുത്തു. അതിൽ ഒരാളായി ആ വാർഡിലെ അംഗമെന്ന നിലയിൽ താനും പങ്കെടുത്തതായി കരീം പരാതിയിൽ പറയുന്നു.
കാർബൺ കമ്പനിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചെയ്തതിനുശേഷം പ്രസിഡൻറ് ഗ്രാമസഭ പിരിച്ചുവിട്ടു. ഇതേ തുടർന്ന് ഉടനെ തന്നെ അവിടെ നിന്നും മറ്റൊരാവശ്യത്തിന് താൻ ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫിസിലേക്ക് പോയതായി കരീം പറയുന്നു. പക്ഷേ ഗ്രാമസഭ പിരിച്ചുവിട്ടതിനുശേഷം വിവാദ കാർബൺ കമ്പനിയുടെ പരിസരത്തുള്ള ഏതാനും അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻറിനെ തടഞ്ഞു വയ്ക്കുകയുണ്ടായി.
ഇതേ തുടർന്ന് പ്രസിഡൻറ് വിളിച്ചതനുസരിച്ച് എടത്തല പൊലീസ് വരികയും ഏതാനും പേരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, പിന്നീട് ആഴ്ചകൾക്ക് ശേഷം തന്നെ എടത്തല പൊലീസ് സ്റ്റേഷനിൽ നിന്നും വിളിക്കുകയും താങ്കളുടെ പേരിൽ പ്രസിഡൻറിനെ തടഞ്ഞുവച്ച കേസ് ഉണ്ടെന്നും ആധാർ രേഖകൾ തരണം എന്നും ആവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച് കരീം രേഖകൾ എടത്തല പൊലീസ് സ്റ്റേഷനിൽ കൊടുത്തു. എടത്തല പൊലീസ് 436/2022 സെക്ഷൻ 143,147,149, 341 പ്രകാരം കേസെടുത്തതായി കരീം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.