ഉദ്ഘാടനം കാത്തിരിക്കുന്ന കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുമ്പിൽ സ്ഥാപിച്ച കെ റെയിൽ കുറ്റി പരിസ്ഥിതി ദിനത്തിൽ ജെബി മേത്തർ എം.പിയുടെയും അൻവർ സാദത്ത് എം.എൽ.എയുടെയും നേതൃത്വത്തിൽ പിഴുതെടുത്ത് പുഴയിൽ ഒഴുക്കാൻ കൊണ്ടുപോകുന്നു

കെ റെയിൽ കുറ്റി പിഴുത് പുഴയിലെറിഞ്ഞ്, കുഴിയിൽ മരം നട്ട് പരിസ്ഥിതി ദിനാചരണം

ആലുവ: പരിസ്ഥിതി ദിനത്തിൽ കെ. റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കുട്ടമശേരി മേഖലയിൽ കെ റെയിൽ സർവേ കുറ്റികൾ പിഴുതെടുത്ത് പുഴയിലെറിഞ്ഞു. കുറ്റികൾ നാട്ടിയിരുന്ന കുഴികളിൽ ജെബി മേത്തർ എം.പിയും അൻവർ സാദത്ത് എം.എൽ.എയും ചേർന്ന് വൃക്ഷ തൈകൾ നട്ടു.

കിഫ്ബി പദ്ധതിയിൽ നിർമിച്ച്, ഉദ്ഘാടനം കാത്തിരിക്കുന്ന കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുമ്പിലും പഞ്ചായത്ത് ആയുർവേദ ആശുപത്രി വളപ്പിലും ജങ്കാർ കടവിലും ചൊവ്വര കവലയിലും സ്ഥാപിച്ചിരുന്ന കുറ്റികളാണ് പിഴുതെറിഞ്ഞത്.

ജെബി മേത്തർ എം.പി സമരം ഉദ്ഘാടനം ചെയ്തു. നാട്ടിൽ മുഴുവൻ സർവനാശം വിതച്ച് വികസനമെന്ന പേരിൽ വിനാശ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചവർക്ക് തൃക്കാക്കരയിലെ ജനങ്ങൾ ജനാധിപത്യ മാർഗത്തിലുടെ ചുട്ട മറുപടി നൽകിയതായി എം.പി പറഞ്ഞു. അഹങ്കാരവും ധാർഷ്ട്യവും അവസാനിപ്പിച്ച് ജനഹിതത്തിനോടൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ കേരളത്തിൽ ബംഗാൾ ആവർത്തിക്കുമെന്നും അവർ പറഞ്ഞു.

പരിസ്ഥിതിയെ നശിപ്പിച്ച്, പിറക്കാനിരിക്കുന്ന ഓരോ കുഞ്ഞിന്റെ മേൽ പോലും ഭീമമായ കടബാധ്യതയുടെ ഭാരം ചുമത്തുന്ന പദ്ധതിയാണ് കെ. റെയിലെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. സി.പി.എം നേതൃത്വത്തിന് ധനസമ്പാദനം നടത്തുന്നതിന് വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന കമീഷൻ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറാത്ത പക്ഷം ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അ​ദ്ദേഹം മുന്നറിയിപ്പ് നൽകി.

കെ റെയിൽ വിരുദ്ധ സമിതി കൺവീനർ മാരിയ അബു അധ്യക്ഷത വഹിച്ചു. അഡ്വ. പി.ബി. സുനീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, പി.എ. മുജീബ്, കെരിം കല്ലുങ്കൽ, ഫാത്തിമ അബ്ബാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റെസീല ഷിഹാബ്, സനില ടീച്ചർ, ടി.എസ്. ഷറഫുദ്ദീൻ, ചെന്താര അബു, റഷീദ് പറമ്പയം, ഹസീം ഖാലിദ്, ജോണി ക്രിസ്റ്റഫർ, മുഹമ്മദ് താഹിർ, ലൈസ സെബാസ്റ്റ്യൻ, കെ.എച്ച്. ഷാജി, അക്സർ അമ്പലപറമ്പ്, വിപിൻദാസ്, അഡ്വ. റെനീഫ് അഹമ്മദ്, അനസ് പള്ളികുഴി, അഡ്വ. എം.എ. ഷിയാസ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Environment Day Celebration against K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.