കിൻഫ്ര കുടിവെള്ള പദ്ധതിക്കായി എടയപ്പുറം റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ട പൈപ്പുകൾ
ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്തതോടെ തകർന്ന എടയപ്പുറം- കൊച്ചിൻ ബാങ്ക് റോഡിൽ അപകടങ്ങൾ നിത്യസംഭവം.ഭൂഗർഭ പൈപ്പിടലിനായി റോഡ് കുത്തിപ്പൊളിച്ചതോടെ യാത്ര ദുസ്സഹമാണ്. സുരക്ഷ മാനദണ്ഡം പാലിക്കാതെ വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ പൈപ്പുകളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
പൈപ്പുകൾ ഉരുണ്ട് റോഡിലേക്ക് വീഴുന്നത് കാൽനടക്കാർക്കും വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയായി. മഴവെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളിൽ ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് വീഴുന്നുണ്ട്. കുഴികൾ ഒഴിവാക്കാൻ ഒരേ ദിശയിൽ ഓടിക്കുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും നിത്യസംഭവമാണ്.
ഒരു ശാസ്ത്രീയ പഠനവുമില്ലാതെ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പുകളെപ്പോലും അറിയിക്കാതെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ പണി തടഞ്ഞിരുന്നു. റോഡ് പൊളിച്ചിട്ട് മാസങ്ങളായിട്ടും നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല.
പ്രതിഷേധത്തെ തുടർന്ന്, കലക്ടർ ഇടപെട്ട് ജനപ്രതിനിധികൾ ഉൾപ്പെടെ സർവകക്ഷി യോഗം വിളിച്ച് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാരണം പറഞ്ഞ് യോഗം വിളിക്കുകയോ പ്രശ്നം പരിഹരിക്കാനോ ശ്രമമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.