ആലുവ: നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘട്ടനങ്ങൾ പതിവാകുന്നു. കാലങ്ങളായി സാമൂഹിക വിരുദ്ധരുടെ താവളമായ സ്റ്റാൻഡിൽ നിലവിൽ വിദ്യാർഥികളാണ് പ്രശ്നക്കാരായി മാറിയിരിക്കുന്നത്.
കോവിഡിന് മുമ്പ് വിദ്യാർഥികൾ സ്റ്റാൻഡിൽ കേന്ദ്രീകരിക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. കോവിഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതോടെ അതിനൊരു ആശ്വാസമുണ്ടായി.
എന്നാൽ, സ്കൂളുകൾ അടക്കം തുറന്നതോടെ സ്റ്റാൻഡിൽ പ്രശ്നങ്ങളും തലപൊക്കി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഇവിടെ ഒത്തുകൂടുന്നുണ്ട്. ഒരേ സ്ഥാപനത്തിലെ സീനിയർ, ജൂനിയർ വിഭാഗങ്ങൾ തമ്മിലും വിവിധ ക്ലാസുകാർ തമ്മിലും വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ തമ്മിലും പ്രശ്നങ്ങൾ സ്ഥിരമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകുന്നതടക്കമുള്ള വിവിധ പ്രശ്നങ്ങളുടെ പേരിൽ ഇവിടെയാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സംഘട്ടനങ്ങളിലേക്ക് നീങ്ങുമ്പോൾ ദുരിതത്തിലാകുന്നത് സ്റ്റാൻഡിലെ യാത്രക്കാരും വ്യാപാരികളുമാണ്. കഴിഞ്ഞ ദിവസങ്ങളിലും വിദ്യാർഥികൾ തമ്മിൽ സംഘട്ടനങ്ങളുണ്ടായി. എന്നാൽ, ഇത്തരം വിഷയങ്ങളിൽ പൊലീസ് ശക്തമായ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നോക്കുകുത്തിയായി പൊലീസ് എയ്ഡ്പോസ്റ്റ്
ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം കടലാസ്സിൽ മാത്രം. എയ്ഡ്പോസ്റ്റ് പലപ്പോഴും കാലിയായിക്കിടക്കുന്നതിനാൽ സാമൂഹികവിരുദ്ധർക്കും മയക്കുമരുന്ന് സംഘങ്ങൾക്കും ഇവിടെ അഴിഞ്ഞാടാൻ അവസരം ലഭിക്കുകയാണ്. പകൽപോലും യാത്രക്കാർ ഇവിടെ സുരക്ഷിതരല്ല. നഗരത്തിലെ ലഹരി ഉപയോഗത്തിെൻറ പ്രധാനകേന്ദ്രം ബസ് സ്റ്റാൻഡാണെന്നും ആക്ഷേപമുണ്ട്. ഇത്തരം ലഹരി സംഘങ്ങളുടെ സ്വാധീനവും സംഘട്ടനങ്ങൾക്ക് പിന്നിലുണ്ട്. രാത്രിയായാൽ സ്റ്റാൻഡ് ഇത്തരക്കാരുടെ നിയന്ത്രണത്തിലാണ്. പൊലീസിെൻറ സഹയമോ സാന്നിധ്യമോ സ്റ്റാൻഡിൽ പകലും രാത്രിയും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. മാർക്കറ്റ് പരിസരത്തും ഇപ്പോൾ ഗുണ്ടകളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.