തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി ആലുവ

ആലുവ: തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി ആലുവ. നഗര-നാട്ടിൻപുറ വ്യത്യാസമില്ലാതെ ശല്യം രൂക്ഷമാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പാതയോരങ്ങളിലും തമ്പടിക്കുന്ന ഇവ കൂട്ടമായെത്തി ആക്രമിക്കുകയാണ്. രാത്രി പൊതുവഴികളിലും മറ്റും കറങ്ങിനടക്കുന്ന ഇവ പകൽ ആളൊഴിഞ്ഞ വഴികളിൽ തമ്പടിക്കുകയാണ്. പ്രഭാത നടത്തക്കാർക്കാണ് ഇവ കൂടുതൽ ഭീഷണി.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, നഗരസഭ ക്വാർട്ടേഴ്സ്, മാർക്കറ്റ്, മാധവപുരം, പൈപ്പ് ലൈൻ റോഡ്‌, കുന്നത്തേരി റോഡ്‌, ബാങ്ക് കവല, പാർക്ക്, തുടങ്ങി നഗരത്തിന്‍റെ മുക്കിലും മൂലയിലും തെരുവുനായ ശല്യവുമുണ്ട്. നഗരത്തോട് ചേർന്ന കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ ഗ്രാമങ്ങളിലും നായശല്യം രൂക്ഷമാണ്. പാടത്ത് മേയാൻ പോകുന്ന കന്നുകാലികൾ ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ആടുവളർത്തലും കോഴിവളർത്തലുമായി കഴിയുന്നവർക്ക് തെരുവുനായ് ശല്യംകൂടിയായതോടെ ദുരിതം ഇരട്ടിച്ചു.

കഴിഞ്ഞമാസം കുന്നത്തേരിയിൽ വീടിന്‍റെ മതിൽ ചാടിക്കടന്ന് അഞ്ച് മുയലുകളെയും രണ്ടു കോഴികളെയും ആക്രമിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഉച്ചക്ക് വീണ്ടും ഏഴു കോഴികളെ വീട്ടിലുള്ളവർ നോക്കി നിൽക്കെ ആക്രമിച്ചു.പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതാണ് ഇവ പലയിടത്തും തമ്പടിക്കാൻ കാരണം.

അറവുമാലിന്യം, മത്സ്യ സ്റ്റാളുകളിലെ മാലിന്യം തുടങ്ങിയവ പൊതുയിടങ്ങളിൽ തള്ളുകയാണ്.ചില ഇറച്ചിക്കടകൾ, കോഴിക്കടകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും നായകൾ വളരുന്നുണ്ട്. മാലിന്യം തള്ളുന്നതുമൂലം ചൂർണിക്കരയിലെ ചവർപ്പാടം, കട്ടേപ്പാടം പ്രദേശങ്ങളിൽ നായ്ക്കൾ കൂട്ടമായി സഞ്ചരിക്കുന്നതുകാണാം.

ഏലൂരിൽ പത്തുപേർക്ക് കടിയേറ്റു

കളമശ്ശേരി: ഏലൂരിൽ പത്ത് പേർക്ക് തെരുവുനായുടെ കടിയേറ്റു. ഏലൂർ വടക്കുംഭാഗം ഡിപ്പോ പരിസരങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. പലരും പ്രദേശത്തെ ഹെൽത്ത് സെന്‍ററിലും വിവിധ ആശുപത്രികളിലും ചികിത്സ തേടി.

ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു. ചിലതിന് പേവിഷബാധ ഉള്ളതായി സംശയിക്കുന്നതായും ചെയർമാൻ പറഞ്ഞു. ശല്യം ഒഴിവാക്കാൻ നഗരസഭക്കനുകൂല നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ് ഏലൂർ നഗരസഭ.

Tags:    
News Summary - Aluva is a haven for stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.