മഞ്ചേരി: കഞ്ചാവുമായി പിടിയിലായ യുവാവിന് 10 മാസവും 19 ദിവസവും കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി മാളിയേക്കൽ വീട്ടിൽ സിജാസിനെയാണ് (30) മഞ്ചേരി എൻ.ഡി.പി.എസ് ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.
പിഴത്തുക അടവാക്കിയില്ലെങ്കിൽ ഒരു മാസം അധിക തടവും അനുഭവിക്കണം. 2018 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് 6.15ന് തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടു കിലോ കഞ്ചാവുമായി തിരൂർ എക്സൈസ് ഇൻസ്പെക്ടറായിരുന്ന പി.എൽ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വിചാരണ നടക്കുന്ന സമയത്ത് പ്രതി റിമാന്‍ഡിൽ കഴിയുകയായിരുന്നു. റിമാൻഡ് കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.