അങ്കമാലി ബാങ്ക് കവലയിൽ പൊലീസ്, മോട്ടോർ വാഹന, ദേശീയപാത, പൊതുമരാമത്ത് വകുപ്പ് അധികൃതർ
പരിശോധന നടത്തുന്നു
അങ്കമാലി: അപകടം പതിവായ ആലുവ റോഡിലെ അങ്കമാലി ബാങ്ക് കവലയിൽ പരിഹാരം കണ്ടെത്താൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത, പൊതുമരാമത്ത് വകുപ്പ് അധികൃതർ സംയുക്തമായി വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.ദേശീയപാത മുറിച്ചുകടക്കാൻ നാല് വശത്തുനിന്നും തലങ്ങും വിലങ്ങും വാഹനങ്ങൾ സഞ്ചരിക്കുന്ന ബാങ്ക് കവല കാൽനടക്കാർക്കും വാഹനമോടിക്കുന്നവർക്കും പേടിസ്വപ്നമാണ്. പതിവ് അപകട മേഖലയാണ്. ആരാധനാലയങ്ങളിൽ പോകുന്നവരും വിദ്യാർഥികളുമടങ്ങുന്ന കാൽനടക്കാരും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുമാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്.
എൻ.എച്ച് ലിങ്ക് റോഡ്, ബസിലിക്ക റോഡ് എന്നിവിടങ്ങളിലൂടെയുള്ള വാഹനങ്ങൾ ഹൈവേയിലേക്ക് കയറുന്നതും യൂ ടേൺ തിരിയാൻ കാത്തുനിൽക്കുന്ന വാഹനങ്ങളും ബാങ്ക് കവലയിൽ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. ബസിലിക്ക റോഡിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാനാകാത്ത അവസ്ഥയുണ്ട്. ചെറുതും വലുതുമായ അപകടങ്ങൾ നിത്യസംഭവമാണ്.
അടുത്ത കാലത്ത് ഒറ്റ അപകടത്തിൽ മാത്രം നാലുപേർ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ യാത്രാദുരിതമായി മാറിയതോടെ പ്രശ്ന പരിഹാരമാവശ്യപ്പെട്ട് വാർഡ് കൗൺസിലർ ലക്സി ജോയി കലക്ടറേറ്റിലെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (എൻഫോഴ്സ്മെന്റ്) പി.എസ്. സ്വപ്ന മുമ്പാകെ അടുത്തിടെ നിവേദനം സമർപ്പിച്ചിരുന്നു.
ഇതേ തുടർന്നാണ് ദേശീയപാത, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തിയത്.അങ്കമാലി ബാങ്ക് കവലയെ ബ്ലാക്ക് സ്പോട്ടായി കണക്കാക്കി അപകടങ്ങൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പുനൽകി.
ദേശീയപാത എ.ഐ സൈറ്റ് എൻജിനീയർ എ. അമൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എസ്. ജയരാജ്, അങ്കമാലി സബ് ഇൻസ്പെക്ടർ കെ. പ്രദീപ്കുമാർ, എ.എം.വി.ഐ ടി.എസ്. സജിത്, വാർഡ് കൗൺസിലർ ലക്സി ജോയ്, വി.കെ. സുലൈഖ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി കാച്ചപ്പിള്ളി, ഹോളി ഫാമിലി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേബി കുര്യൻ, സെന്റ് ആൻസ് കോളജ് ചെയർമാൻ ജോർജ് കുര്യൻ പാറക്കൽ, ബസിലിക്ക ട്രസ്റ്റി പൗലോസ് അരീക്കൽ, കെ.എം. വർഗീസ്, എം.ഒ. ജോർജ്, വർഗീസ് പരിയാടൻ, ടി.ടി. വർഗീസ്, ജിസ് പടയാട്ടിൽ, കെ.ടി. പൗലോസ്, വർഗീസ് മുണ്ടാടൻ, വർഗീസ് അച്ചായിൽ, സ്റ്റീഫൻ മുണ്ടാടൻ, കെന്നഡി കോട്ടക്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.