രഘു വലിയമംഗലത്ത് (മധ്യത്തിൽ) സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാലയ യാത്രാവേളയില്‍
പെരുമ്പാവൂര്‍: ആദ്യ പര്‍വതാരോഹണത്തില്‍തന്നെ ഹിമാലയന്‍ കൊടുമുടികളിലൊന്നായ ‘മേരാ പീക്ക്’ കീഴടക്കി കൂവപ്പടി വലിയ മംഗലത്ത് ഇല്ലത്ത് രഘു. സമുദ്രനിരപ്പില്‍നിന്ന് 21,246 അടി ഉയരത്തിലുള്ള ശൃംഗം എട്ടു ദിവസത്തെ കഠിനമായ യാത്രക്കൊടുവിലാണ് രഘുവും സംഘവും കീഴടക്കിയത്.കഴിഞ്ഞ ഏപ്രില്‍ 26ന് നേപ്പാളിലെ ലുക്ലയില്‍നിന്നാണ് യാത്ര ആരംഭിച്ചത്. സുഹൃത്തുക്കളായ മുക്സിത് തങ്ങള്‍, ഷാഫി, നേപ്പാളി ഗൈഡ് മിങ്കു എന്നിവരായിരുന്നു രഘുവിനു കൂട്ടിനുണ്ടായിരുന്നത്. മൈനസ് അഞ്ച് മുതല്‍ മൈനസ് 15 ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്തുറഞ്ഞ കാലാവസ്ഥയെ അതിജീവിച്ചായിരുന്നു യാത്ര. അതിശൈത്യത്തിലും കയറ്റത്തിന്റെ കാഠിന്യം മൂലം വിയര്‍ത്തുകുളിക്കുന്ന വേറിട്ട അനുഭവമായിരുന്നു ഇതെന്ന് രഘു പറയുന്നു.
മേരാ പീക്കിന്റെ മുകളില്‍നിന്ന് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് പര്‍വതനിരകളായ എവറസ്റ്റ്, ലോട്സെ, മകാലു, ചോ ഒയു, കാഞ്ചന്‍ജംഗ എന്നിവ ഒരേസമയം കണ്ടാസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ 43കാരന്‍. കാഠ്മണ്ഡുവിലെ നേപ്പാളോരമ ട്രെക്കിങ് ഏജന്‍സിയുമായി ചേര്‍ന്നാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. നേപ്പാള്‍ മൗണ്ടനീയറിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജേന്ദ്ര ബഹാദൂര്‍ ലാമയില്‍നിന്ന് പര്‍വ്വതാരോഹണത്തിനുള്ള സര്‍ട്ടിഫിക്കറ്റും രഘു ഏറ്റുവാങ്ങി.ഇടപ്പള്ളി കൂനംതൈ ബയാസിസ് ഇന്‍ഫോടെക്ക് പ്രൈവറ്റ് ലിമിറ്റഡില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ രഘു, ഭാവിയില്‍ ഹിമാലയത്തിന്റെ അത്യുന്നതങ്ങള്‍ കീഴടക്കാനുള്ള തയാറെടുപ്പിലാണ്. ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപയോളം ചെലവ് വരുന്നതാണ് ഈ സാഹസിക യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.