കൊച്ചി: കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗതാഗതക്കുരുക്കിൽ ആശ്വാസം തേടി ആയിരങ്ങൾ ആശ്രയിക്കുന്ന പൈപ്പ് ലൈൻ റോഡിന്റെ സ്ഥിതി ദയനീയം. കൊച്ചി നഗരത്തെയും കാക്കനാടിനെയും കളമശ്ശേരിയെയുമെല്ലാം ബന്ധിപ്പിക്കുന്ന പൈപ് ലൈൻ റോഡിലെ പാടിവട്ടം ഭാഗത്താണ് യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളുള്ളത്.
പൊക്കാളം ക്ഷേത്രത്തിനോട് ചേർന്ന്, എൻ.എസ്.എസ് വർക്കിങ് വിമൻസ് ഹോസ്റ്റൽ റോഡുമായി ചേരുന്ന റോഡിന്റെ ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. ചെറുതും വലുതുമായ കുഴികൾ മൂലം ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ ബുദ്ധിമുട്ടിലാണ്.
സിവിൽ ലൈൻ റോഡിലെ നിർമാണ പ്രവർത്തനങ്ങളും ഗതാഗതക്കുരുക്കും മൂലം രാവിലെയും വൈകീട്ടും നൂറുകണക്കിന് വാഹനങ്ങളാണ് പൈപ് ലൈൻ റോഡിലൂടെ കടന്നുപോകുന്നത്. ഇതിനാവശ്യമായ വീതിയും റോഡിനില്ല. ഇതിനിടെയാണ് പാടിവട്ടത്തെ റോഡിന്‍റെ ഭാഗത്ത് നടുവൊടിക്കും വിധം തകർന്നത്. ഇരുചക്രവാഹന യാത്രികരുടെ നടുവൊടിക്കും വിധമാണ് റോഡിന്‍റെ ഘടന. റോഡിലെ വലിയ കുഴികളിൽ മഴവെള്ളം നിറഞ്ഞുകിടക്കുകയാണ്.
പലപ്പോഴും ഇവിടെ വാഹനങ്ങളുടെ വേഗത തീരെ കുറയുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. പൈപ്പ് ലൈൻ റോഡും ദേശീയപാതയിൽ നിന്നുള്ള ഇടറോഡും സിവിൽലൈൻ റോഡും തമ്മിൽ ചേരുന്ന ജങ്ഷനിലുള്ള ഹംപിനോട് ചേർന്നും റോഡ് ആകെ തകർന്നുകിടക്കുകയാണ്.
റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി കൊച്ചി മെട്രോക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ അറ്റകുറ്റപണി നടത്താമെന്ന് ഉറപ്പുനൽകിയതായും മഴയായതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നും ഡിവിഷൻ കൗൺസിലർ ഷിബി സോമൻ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ എം.ഡിക്കും ജില്ല കലക്ടർക്കും ഈ ആവശ്യം ഉന്നയിച്ച് കത്തു നൽകിയിരുന്നു. റോഡ് അടിയന്തരമായി നന്നാക്കുന്നതിന് നിർമാണ കമ്പനിക്ക് കൊച്ചി മെട്രോ നിർദേശം നൽകി ഉത്തരവിറക്കിയിട്ടുണ്ട്. ഉമ തോമസ് എം.എൽ.എയും ജില്ല വികസന സമിതിയിൽ റോഡ് നന്നാക്കുന്നതിന് നിർദേശം നൽകിയതായി കൗൺസിലർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.