ചാലക്കുടിയാറിലെ തിരുപ്പാമ്പ് കടത്തുകടവിലെ സാഹസിക വഞ്ചിയാത്ര
പാറക്കടവ്: ചാലക്കുടിയാറിന് കുറുകെ പാറക്കടവിനും അന്നമനട പുളിക്കക്കടവിനും ഇടയിലെ തിരുപ്പാമ്പ് കടത്തുകടവിൽ പാലമെന്ന ആവശ്യവുമായി നാട്ടുകാരുടെ കാത്തിരിപ്പിന് കാൽ നൂറ്റാണ്ട്. തുടക്കത്തിൽ തൂക്കുപാലം നിർമിക്കാനാണ് പദ്ധതിയിട്ടതെങ്കിലും കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ആലോചനകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് പദ്ധതി. ഇപ്പോൾ കോൺക്രീറ്റ് പാലം നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും ആലോചനകളിൽ വന്ന പുരോഗതിയല്ലാതെ ഗ്രാമവാസികൾ സ്വപ്നം കാണുന്ന പദ്ധതി ജലരേഖയായി ഇപ്പോഴും തുടരുകയാണ്.
കടത്തുവഞ്ചിയെ ആശ്രയിച്ചാണ് ഇരു കടവുകളിലുള്ളവരും സഞ്ചരിക്കുന്നത്. വർഷക്കാലമായാൽ പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുകയും ഒഴുക്കു നിയന്ത്രണാതീതമാവുകയും ചെയ്യുമ്പോൾ കടത്തു വഞ്ചി യാത്ര അതി സാഹസികവും അപകടകരവുമാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. വഞ്ചിയിൽ യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും, വഞ്ചിയിൽ സഞ്ചരിക്കുന്ന യാത്രയിലെ ഭീതിയോർത്തും പലരും കടത്തു വഞ്ചി യാത്ര ഒഴിവാക്കി വാഹനങ്ങളിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. പൂവത്തുശ്ശേരിയിലെ വ്യാപാരി സംഘടനയാണ് പാലത്തിന്റെ നിർബന്ധ ആവശ്യകത അധികാരികൾക്ക് മുന്നിലെത്തിച്ചത്. ഇതേത്തുടർന്ന് കാൽനട യാത്ര മാത്രം അനുവദിക്കുന്ന തൂക്കുപാലം പദ്ധതിക്കാണ് തുടക്കത്തിൽ രൂപം നൽകിയത്.
പൊതുമേഖല സ്ഥാപനമായ കെൽറ്റിന്റെ ഏകദേശം മൂന്ന് കോടി സഹായത്തോടെയുള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയാറാക്കി. ഇപ്പോഴത്തെ ഉന്നത വിദ്യഭ്യാസ മന്ത്രിയായ റോജി. എം. ജോൺ എം.എൽ.എക്കാണ് നിവേദനം സമർപ്പിച്ചിരുന്നത്. തുടർന്ന് തൂക്കുപാലം പദ്ധതി വാഹനങ്ങൾക്ക് കൂടി സഞ്ചരിക്കാവുന്ന വിധത്തിൽ കോൺക്രീറ്റ് പാലമാക്കാമെന്ന് ധാരണയായി. 2019ൽ സർവേ പ്രവർത്തനങ്ങൾക്കായി സർക്കാർ ഒമ്പത് ലക്ഷം രൂപയും അനുവദിച്ചു. പല പ്രാവശ്യം സർവേകളും നടത്തി. എന്നാൽ തുടർ നടപടികളൊന്നുമുണ്ടായില്ല.
അതോടെ 2023ൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകി. എന്നാൽ പാലം യാഥാർഥ്യമായാൽ പൂവത്തുശ്ശേരിയിൽ എത്തിച്ചേരുന്ന മാള-ആലുവ റോഡിൽ വൻ ഗതാഗതക്കുരുക്കുണ്ടാകുമെന്നായിരുന്നു പൊതുമരാമത്തു വകുപ്പിന്റെ വിചിത്രമായ മറുപടിയത്രെ. പാലത്തിന്റെ അപ്രോച്ച് റോഡിന് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥല ഉടമകളുടെയോ, വിചിത്രമായ ഈ തീരുമാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാമെന്നാണ് നാട്ടുകാർ കരുതുന്നത്. പഞ്ചായത്തിന്റെ കടത്തു വഞ്ചിയാണ് എളവൂർ ഭാഗത്തുള്ള ആളുകൾക്ക് പൂവത്തുശ്ശേരിയിലെ ആശുപത്രി, സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലെത്താനുള്ള ഏക ആശ്രയം. ആഴമേറിയ പുഴയിലെ ചെറു വഞ്ചി യാത്ര അപകടകരമാണ്. പുഴയിലെ ജലനിരപ്പ് ഉയരുമ്പോഴും ഒഴുക്കു വർധിക്കുമ്പോഴും ഭീതിയുടെ നെഞ്ചിടിപ്പോടെയാണ് വഞ്ചി യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.