വാഹന വകുപ്പ് പരിശോധന ;തൃപ്പൂണിത്തുറയിൽ 46 ബസുകൾക്കെതിരെ നടപടി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടിയെടുത്തു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതിയടക്കാതെയും സാധുവായ പെർമിറ്റില്ലാതെയും സർവിസ് നടത്തൽ തുടങ്ങിയ നിയമ ലംഘനങ്ങളും ബസിന്റെ വാതിൽ തുറന്ന നിലയിൽ സർവിസ് നടത്തുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക, കണ്ടക്ടർ ലൈസൻസില്ലാതെയും പൊലീസ് ക്ലിയറൻസില്ലാതെയും ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.
46 ബസുകൾക്കെതിരെ നടപടിയെടുത്ത് 80,000 രൂപ പിഴ ഈടാക്കി. അമിതവേഗം, മത്സരയോട്ടം തുടങ്ങിയ പരാതികൾ വർധിച്ചതിനെ തുടർന്ന് എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ, പൂത്തോട്ട മേഖലകൾ കേന്ദ്രീകരിച്ച് നാല് സ്ക്വാഡുകളായായിരുന്നു പരിശോധന. സ്വകാര്യ ബസുകളുടെ സർവിസ് സംബന്ധിച്ച പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും തുടർച്ചയായ പരിശോധനകളും നടപടികളുമുണ്ടാകുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.