2011 നെഹ്​റു ട്രോഫി: കിരീടം കാരിച്ചാല്‍ ചുണ്ടന്

ആലപ്പുഴ: 2011ൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഒന്നാമതെത്തിയ ദേവാസ്​ ചുണ്ടന്‍റെ വിജയം ജൂറി​ ഓഫ്​ അപ്പീൽ വീണ്ടും അസ്ഥിരപ്പെടുത്തി. ഇതോടെ, കീരിടത്തിന്​ കാരിച്ചാൽ ചുണ്ടൻ​ അർഹരായി. മൂന്നാം സ്ഥാനത്തെത്തിയ മുട്ടേല്‍ കൈനകരി ചുണ്ടന് രണ്ടാംസ്ഥാനവും നാലാമതായി ഫിനിഷ് ചെയ്ത പായിപ്പാടന്‍ ചുണ്ടന് മൂന്നാം സ്ഥാനവും നല്‍കാന്‍ ജൂറി തീരുമാനിച്ചു. ദേവാസ് ചുണ്ടന്‍ പ്രതിനിധികളുടെ ഹരജിയില്‍ ജൂറിയുടെ 2011ലെ തീരുമാനം റദ്ദാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചതനുസരിച്ച് ഈ വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരുടെയും ഹിയറിങ്​ നടത്തിയ ശേഷമാണ് ജില്ല കലക്ടർ എ. അലക്‌സാണ്ടര്‍ അധ്യക്ഷനായ ജൂറി ദേവാസ് ചുണ്ടന് അയോഗ്യത കൽപിച്ചത്. ജില്ല പൊലീസ്​ മേധാവി ജി. ജയദേവ്, അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബി, ജില്ല ഗവ. പ്ലീഡർ വിധു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ജൂറിക്ക്​ ആദ്യം അപ്പീല്‍ ഫയല്‍ചെയ്ത കാരിച്ചാല്‍ ചുണ്ടന്‍റെ പ്രതിനിധികള്‍ ഹിയറിങ്ങിന്​ ഹാജരായില്ല. ദേവാസ് ചൂണ്ടനിലെ തുഴച്ചിലുകാര്‍ യൂനിഫോമായി നിശ്ചയിച്ചിരുന്ന കൈയില്ലാത്ത ബനിയന്‍ ധരിച്ചിരുന്നില്ലെന്നും വള്ളംകളിയുടെ വ്യവസ്ഥകള്‍ ബോധപൂര്‍വം ലംഘിച്ചെന്നും ജൂറി കണ്ടെത്തി. മത്സരം തുടങ്ങുംമുമ്പ്​ യൂനിഫോം ധരിച്ചിരിക്കണമെന്ന് ചീഫ് സ്റ്റാര്‍ട്ടറുടെ നിര്‍ദേശം അവഗണിച്ചതായി സംശയാതീതമായി ബോധ്യപ്പെട്ടതായും ദേവാസ് ചുണ്ടന്‍റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ക്യാപ്റ്റന്‍സ് ക്ലിനിക്കില്‍ പങ്കെടുക്കാതിരുന്നത് നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ വിലയിരുത്തി. അന്താരാഷ്ട്രതലത്തില്‍വരെ ശ്രദ്ധിക്കപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരങ്ങള്‍ അച്ചടക്കത്തോടെയും നിയമാവലിയും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചും നടത്താന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.