പാട്ടം പുതുക്കാത്തതിൽ നഷ്ടമായത് 69.88 ലക്ഷം

കൊച്ചി: റവന്യൂ വകുപ്പ് പാട്ടം പുതുക്കാത്തതിൽ നഷ്ടമായത് 69.88 ലക്ഷമെന്ന് ഓഡിറ്റ് റിപ്പോർട്ട്. വടക്കൻ പറവൂർ തഹസിൽദാർ ഓഫിസിൽ നടത്തിയ പരിശോധനയിലാണ് ഏലൂർ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്‌സിന്റെ പാട്ടം പുതുക്കുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത് കണ്ടെത്തിയത്. ഷോപ്പിങ് കോംപ്ലക്‌സിന്റെ നിർമാണത്തിന് സ്ഥലം ആദ്യം പാട്ടത്തിന് നൽകിയത് പഞ്ചായത്തിനാണ്. 2010ൽ ഗ്രാമപഞ്ചായത്ത് ഏലൂർ നഗരസഭയായി മാറി. പാട്ടക്കാലാവധി 25 വർഷത്തേക്കായിരുന്നു. ഓരോ അഞ്ച് വർഷത്തിലും പാട്ടം പുതുക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. പാട്ടത്തിന്റെ ആദ്യ പുതുക്കൽ 2005 ഒക്‌ടോബറിലായിരുന്നു. എന്നാൽ, റവന്യൂ വകുപ്പിന്റെ അലംഭാവം കാരണം പാട്ടം പുതുക്കിയില്ല. ഏലൂർ മുനിസിപ്പാലിറ്റി അതേ നിരക്കിൽ 2020-21 വരെ അടച്ചു. നേരത്തേ നിശ്ചയിച്ച പാട്ട വാടകയായ 1,49,275 രൂപയാണ് നൽകിയത്. 2017ൽ മാത്രമാണ് പാട്ടം പുതുക്കാത്തത് സംബന്ധിച്ച് റവന്യൂ വകുപ്പ് അറിയുന്നത്. ഈ വർഷങ്ങളിലെല്ലാം പാട്ടവാടക പരിഷ്കരിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന്, തഹസിൽദാർ 2004-05 മുതൽ 2017-18 വരെ മുൻകാല പ്രാബല്യത്തോടെ 15.57 ലക്ഷം രൂപ പാട്ടവാടക പുതുക്കി നൽകി. സെക്യൂരിറ്റിക്കുള്ള തുക ഉൾപ്പെടെ 1.22 കോടി ആവശ്യപ്പെട്ടു. ഏലൂർ മുനിസിപ്പാലിറ്റി ഇത്രയും വലിയ തുക അടക്കാനുള്ള വിസമ്മതം പ്രകടിപ്പിക്കുകയും പാട്ടത്തുക അമിതമാണെന്നും അറിയിച്ചു. ഇത്രയും വലിയ തുക നൽകാൻ ഏലൂർ നഗരസഭ തയാറാകാത്തതിനാൽ സർക്കാർ ഉത്തരവനുസരിച്ച് കുടിശ്ശികത്തുക 36.60 ലക്ഷം രൂപയായി കുറച്ചു. അതിനാൽ കരാർ പ്രകാരമുള്ള പാട്ടത്തുക പുതുക്കാത്ത കാര്യത്തിൽ റവന്യൂ വകുപ്പ് കാണിച്ച അലംഭാവം വഴി സർക്കാറിന് 69.88 ലക്ഷം രൂപ നഷ്ടമായി. 1995ലെ മുനിസിപ്പൽ, കോർപറേഷൻ പരിധിയിലെ ഭൂമിയുടെ പതിവ് ചട്ടങ്ങൾ അനുസരിച്ച്, ഓരോ മൂന്ന് വർഷത്തിലും പാട്ടം പുതുക്കണം. അതിനാൽ ഏലൂർ മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള ഭൂമിയുടെ അടുത്ത പാട്ടവാടക പുതുക്കൽ 2021 ഏപ്രിൽ മുതലായിരുന്നു. എന്നാൽ, പാട്ടവാടക യഥാസമയം പുതുക്കണമെന്ന അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിർദേശത്തിനുശേഷവും പാട്ടം പുതുക്കിയിട്ടില്ല. റവന്യൂ വകുപ്പിന്റെ അലംഭാവം തുടരുകയാണെന്ന്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.