ചായ്കോത്ത് മല കോളനിയിലെ 42 കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ ചായ്ക്കോത്ത് മലയിലെ പട്ടികജാതി കോളനിയിലെ 42 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഏകദേശം നൂറടിയിലേറെ പൊക്കമുള്ള പ്രദേശം നിലംപതിക്കാവുന്ന സാഹചര്യമാണുള്ളത്. താഴെയുള്ള പ്രധാന റോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നടന്ന മണ്ണെടുപ്പാണ് പ്രദേശവാസികള്‍ക്ക് വിനയായത്. കോളനിയിലെ പല വീടുകളും മണ്ണെടുപ്പിനെ തുടര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന്റെ വക്കിലാണ് സ്ഥിതിചെയ്യുന്നത്. കോളനിയിലെ ഒരു വയോധികയുടെ പുരയിടത്തിന്റെ ഒരുഭാഗം ഇതിനോടകം മണ്ണിടിഞ്ഞ് അപ്രത്യക്ഷമായിട്ടുണ്ട്​. സ്ഥലത്തിന്റെ അതിര്​ കാണണമെങ്കില്‍ ഗര്‍ത്തത്തിന്റെ അടിഭാഗത്ത് എത്തണം. കോളനിയിലേക്ക് പോകുന്ന പ്രധാന റോഡും ഇടിയുമെന്ന ഭീതി നിലനിൽക്കുന്നു. മോറക്കാല പള്ളിമുകള്‍ കോളനിയും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ്​ മണ്ണെടുത്തതുമൂലം ഒരു പ്രദേശത്തെയാകെ മണ്ണിടിയുകയാണ്. മലയുടെ മുകള്‍ഭാഗത്ത്​ താമസിക്കുന്ന പള്ളിമുകള്‍ കോളനിയിലെ നിവാസികളാണ് ആശങ്കയോടെ ജീവിതം തള്ളിനീക്കുന്നത്. നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മലയുടെ സമീപത്ത്​ വര്‍ഷങ്ങള്‍ക്കുമുമ്പ്​ പ്രവര്‍ത്തിച്ചിരുന്ന പാറമടയും ഇപ്പോള്‍ വെള്ളക്കെട്ടായി രൂപപ്പെട്ടിട്ടുണ്ട്. ഇടുക്കിയില്‍നിന്ന്​ കളമശ്ശേരിയിലേക്കുള്ള 220 കെ.വി ലൈനാണ് ഈ ഭാഗത്തുകൂടി വലിച്ചിരിക്കുന്നത്. പള്ളിമുകള്‍ കോളനിയുടെ സമീപത്ത് ടവര്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തിന്റെ രണ്ടുഭാഗത്തെയും മണ്‍തിട്ടകള്‍ ഇടിയുകയാണ്. add on lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.