ട്വൻറി 20 പ്രവർത്തകന്‍റെ മരണം: എം.എൽ.എയെ അറസ്റ്റ് ചെയ്ത് ഫോൺ പരിശോധിച്ചാൽ ഗൂഢാലോചന തെളിയുമെന്ന് സാബു എം. ജേക്കബ്

കിഴക്കമ്പലം: കിഴക്കമ്പലത്ത്​ ട്വന്‍റി 20 പ്രവര്‍ത്തകന്‍ മർദനമേറ്റ്​ മരിക്കാനിടയായ സംഭവത്തില്‍ എം.എല്‍.എ പി.വി. ശ്രീനിജിന്‍റെയും പ്രതികളുടെയും ഫോണ്‍ പരിശോധിച്ചാല്‍ ഗൂഢാലോചന വെളിപ്പെടുമെന്ന് ട്വന്‍റി 20 ചീഫ് കോ ഓഡിനേറ്റര്‍ സാബു എം. ജേക്കബ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അവിടെയെത്തിയ വാര്‍ഡ് മെംബറോട് നിന്നെ ഞങ്ങള്‍ കത്തിക്കും, എം.എല്‍.എ വിളിച്ചിട്ടുണ്ട്, നിന്‍റെ മുതലാളിയെവിടെയാണ് എന്നാണ് ചോദിച്ചത്. ഇതില്‍നിന്ന്​ ഗൂഢാലോചനയും പ്രതികളുമായുള്ള എം.എല്‍.എയുടെ ബന്ധവും വ്യക്തമാകും. ദീപുവിന്‍റെ ശരീരത്തിൽ ബാഹ്യമായി ഒരു മുറിവുമില്ല. ആന്തരിക അവയവങ്ങള്‍ക്കാണ് മുറിവ്. ഇത് നേരത്തേ ആസൂത്രണം ചെയ്തതിന്‍റെ ഭാഗമാണ്. രാഷ്ട്രീയബലവും സര്‍ക്കാര്‍ സ്വാധീനവും സി.പി.എം ഗുണ്ടകൾക്ക്​ എം.എല്‍.എയുടെ സംരക്ഷണവുമാണ് ഇത്തരത്തില്‍ അക്രമം ഉണ്ടാകാന്‍ കാരണം. ആരെങ്കിലും എം.എല്‍.എക്കെതിരെ പറഞ്ഞാല്‍ അവരെ ഭീഷണിപ്പെടുത്തുകയും കേസെടുപ്പിക്കുകയും ചെയ്യും. 10 മാസത്തിനുള്ളില്‍ 50ഓളം ട്വന്‍റി 20 പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. സ്ട്രീറ്റ്‌ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ട് 25,000ത്തോളം പോസ്റ്റര്‍ പതിച്ചെങ്കിലും ഉടന്‍ സി.പി.എമ്മിന്‍റെ ഗുണ്ടകള്‍ അത് നശിപ്പിച്ചു. പതിക്കാന്‍പോയ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. ഒരു നിലക്കും ട്വന്‍റി 20 പഞ്ചായത്തുകളില്‍ വികസനം നടത്തിക്കില്ലെന്ന് വന്നതോടെ സ്വന്തം വീട്ടിലെ ലൈറ്റ് അണച്ച് പ്രതിഷേധിക്കാനാണ് ട്വന്‍റി 20 തീരുമാനിച്ചത്. കിഴക്കമ്പലത്തും ട്വന്‍റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. അത് വിജയിക്കാതെ വന്നപ്പോഴാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഗ്രാമസഭകളില്‍ വരെ എം.എല്‍.എ പങ്കെടുത്ത് മെംബര്‍മാരെയും പഞ്ചായത്ത് പ്രസിഡന്‍റുമാരെയും മോശമാക്കാനാണ് ശ്രമിക്കുന്നത്. കൂടാതെ, സഖാക്കളായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. വൈദ്യുതി ബോര്‍ഡ്, പെരിയാര്‍വാലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ ഓഫിസിലേക്ക് വിളിച്ചുവരുത്തി പഞ്ചായത്തുകള്‍ക്കെതിരെ പരാതി കൊടുപ്പിക്കുന്നു. ഇതല്ലാതെ കഴിഞ്ഞ 10 മാസത്തിനുള്ളില്‍ നാട്ടിലെ ജനങ്ങള്‍ക്ക് എന്ത് ഉപകാരമാണ് എം.എല്‍.എയെക്കൊണ്ട് ലഭിച്ചത് എന്ന് സാബു എം. ജേക്കബ് ചോദിച്ചു. കിറ്റെക്സിനെയും തന്നെയും ട്വൻറി 20യെയും തകർക്കുക എന്നതിനപ്പുറം എം.എല്‍.എക്ക് ഒരു ലക്ഷ്യവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. ആദ്യമായാണ് കിഴക്കമ്പലത്ത് രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. 10 മാസമായി വലിയ ഭീകരാന്തരീക്ഷമാണ്. പഞ്ചായത്ത് പ്രസിഡന്‍റുമാരും സെക്രട്ടറിമാരുമെല്ലാം ഭീഷണിയിലാണ്. സ്ട്രീറ്റ്‌ലൈറ്റ് ചലഞ്ച് നടത്തിയത് നിയമാനുസൃതമാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങി അതിലേക്ക് വരുന്ന പണത്തിന്​ കണക്കുണ്ട്. അത് ജനങ്ങളെയും സര്‍ക്കാറിനെയും ബോധ്യപ്പെടുത്തുന്നുമുണ്ട്. എന്നാൽ, കോടികൾ ആസ്തിയുള്ള സി.പി.എം സമ്മേളനത്തിന്​ മൂന്നര കോടിക്കായി ബക്കറ്റ് പിരിവ് നടത്തുന്നത് നിയമാനുസൃതമാണോ എന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.