റോഡ്​ നിർമാണ തർക്കം: വനപാലകരുടെ പരാതിയിൽ 18 പേർക്കെതിരെ കേസ്​

പല്ലാരിമംഗലം: ചാത്തമറ്റത്ത്​ റോഡ് നിർമാണത്തിനുള്ള മണ്ണുമാന്തി യന്ത്രം പിടികൂടിയ സംഭവത്തിൽ വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ വനപാലകരുടെ പരാതിയിൽ 18 പേർക്കെതിരെ കേസെടുത്തു. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റും ഉൾപ്പെടെ 13 പഞ്ചായത്ത് അംഗങ്ങൾക്കും അഞ്ച് നാട്ടുകാർക്കുമെതിരെയാണ്​ കേസ്. വനപാലകർ പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം ബലമായി വിടുവിച്ചെന്നും ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ ജനൽചില്ല് തകർത്തെന്നുമുള്ള വനപാലകരുടെ പരാതിയിലാണ് കേസ്. അനധികൃതമായി വനഭൂമിയിൽ പ്രവേശിച്ച് നാശനഷ്ടം വരുത്തിയതിന്​ കരാറുകാരനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ചാത്തമറ്റം-മുള്ളരിങ്ങാട് റോഡ് നവീകരണത്തിനുള്ള സാമഗ്രികൾ ഇറക്കാനാണ്​ റോഡരികിലെ സ്ഥലം ഒരുക്കിയത്. റോഡ് നിർമാണം തടസ്സപ്പെട്ടതോടെ നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. വനപാലകർ പിടികൂടിയ മണ്ണുമാന്തി യന്ത്രം മാത്യു കുഴൽനാടൻ എം.എൽ.എ എത്തിയാണ്​ മോചിപ്പിച്ചത്. പിന്നീട് ഇത് പൊലീസ് കസ്റ്റഡിൽ എടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.