മാങ്കുളം വനമേഖലയിൽ 173 ഇനം പക്ഷികൾ; താരമായി ചിന്ന തിനക്കുരുവി

തൊടുപുഴ: മാങ്കുളം വനമേഖലയിൽ 173 ഇനത്തിൽപ്പെട്ട 6652 പക്ഷികളുള്ളതായി ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തി. ചിന്ന തിനക്കുരുവി ആണ് ഈ പഠനത്തിലെ പ്രധാന കണ്ടെത്തൽ. കേരളത്തിൽ നാളിതുവരെ മൂന്നാം തവണയാണ്​ ഈ പക്ഷിയെ കാണുന്നത്. മാങ്കുളം വനമേഖലയിൽ ആദ്യത്തേതും ദക്ഷിണേന്ത്യയിൽ നാലാമത്തേതും. ജില്ലയിലെ ഏറ്റവും ജൈവ വൈവിധ്യമാർന്ന വനമേഖലയായ മാങ്കുളം വനം ഡിവിഷൻ പ്രദേശത്ത്​ ഫെബ്രുവരി 24 മുതൽ 27 വരെയാണ്​ പക്ഷികളുടെ കണക്കെടുപ്പ്​ നടന്നത്​. മാങ്കുളം വനം ഡിവിഷനും കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സർവേയിൽ കേരളത്തിന്​ പുറമെ കർണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദഗ്ധരായ പക്ഷി നിരീക്ഷകരും പങ്കെടുത്തു. മാങ്കുളം മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ പാമ്പാടും പാറയിൽനിന്ന്​ പഠന സംഘത്തിലെ അംഗങ്ങളായ കെ.വി. സന്തോഷ്​ കുമാർ, ബി.എ. മാത്യൂസ്​ എന്നിവരാണ്​ ചിന്ന തിനക്കുരുവിയുടെ ചിത്രം ആദ്യം പകർത്തിയത്. 93 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാങ്കുളം വന മേഖലയിൽ ഇത്രയധികാം പക്ഷികൾ ഉണ്ടെന്നത്​ മേഖലയുടെ അതീവ ജൈവ വൈവിധ്യ പ്രാധാന്യത്തിന്​ തെളിവായി പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 14 ഇനം പരുന്തുകൾ, വംശനാശ ഭീഷണി നേരിടുന്ന പളനി ചിലപ്പൻ, നീലഗിരി പിപ്പിറ്റ്, ചാരത്തലയൻ ബുൾബുൾ, ചോല കുടുവൻ, നീലഗിരി മരപ്രാവ്, കരിംചെമ്പൻ പാറ്റ പിടിയൻ, നീലഗിരി പാറ്റ പിടിയൻ, ചാരത്തലയൻ പാറ്റ പിടിയൻ, വെള്ള വയറൻ ഷോലക്കിളി തുടങ്ങിയ പക്ഷികൾക്ക്​ പുറമെ നീലഗിരി മാർട്ടൻ, വരയാട്, കടുവ, കാട്ടുപോത്ത്​, കേഴമാൻ, കൂരമാൻ തുടങ്ങിയ സസ്തനികളെയും വിവിധയിനം തുമ്പികളെയും ചിത്രശലഭങ്ങളെയും പഠനത്തിൽ കണ്ടെത്തി. മാങ്കുളം ഡി.എഫ്​.ഒ ജി. ജയചന്ദ്രൻ, കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി വിഷ്ണുപ്രിയൻ കർത്ത, പക്ഷി നിരീക്ഷകരായ ഇ.എസ്​. പ്രവീൺ, ഹരി മാവേലിക്കര, കെ.കെ. ലതിക, പ്രേംചന്ദ് രഘുവരൻ, മഞ്ജുള ദേശായി, യു. ബിമൽനാഥ് എന്നിവർ നേതൃത്വം നൽകി. Box ചിന്ന തിനക്കുരുവി വടക്കൻ റഷ്യ, റഷ്യൻ വിദൂര വടക്ക്​ കിഴക്കൻ പ്രദേശം, നോർവേ, ഫിൻലൻഡ്, വടക്കു കിഴക്കൻ ചൈന തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന ചിന്ന തിനക്കുരുവി ഇന്ത്യൻ ഭൂഖണ്ഡത്തിന്‍റെ വടക്ക്​ കിഴക്കൻ ഭാഗത്തും തെക്കൻ ചൈന, വടക്ക്​ കിഴക്കൻ ചൈന, മ്യാന്മാർ, വടക്കൻ ഇന്തോചൈന എന്നിവിടങ്ങളിൽ തണുപ്പ് കാല ദേശാടനം നടത്തുന്നു. വർഷത്തിൽ ഒരു തവണ മാത്രം കൂട് വെച്ച് മുട്ടയിടുന്നു. പുൽച്ചാടികൾ, ചെറു എട്ടുകാലികൾ, ചെറു പ്രാണികൾ, വിത്തുകൾ തുടങ്ങിയവയാണ്​ ഭക്ഷണം. പുൽമേടുകളിലും കുറ്റി ചെടികളിലും ചെറു വൃക്ഷങ്ങളിലും ഇര തേടുന്നു. ചിത്രങ്ങൾ മാങ്കുളം വനമേഖലയിൽ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയ പക്ഷികളിൽ ചിലത്​ TDG little bunting ചിന്ന തിനക്കുരുവി TDG Black and Orange Flycatcher കരിംചെമ്പൻ പാറ്റ പിടിയൻ TDG NILGIRI PIPIT നീലഗിരി പിപ്പിറ്റ്​ TDG Canary Flycatcher ചാരത്തലയൻ പാറ്റ പിടിയൻ TDG Indian Scimitar Babbler ചോല കുടുവൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.