ഇനി ഞാന്‍ ഒഴുകട്ടെ: 159.4 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു

കൊച്ചി: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഇനി ഞാനൊഴുകട്ടെ' പദ്ധതി മുഖേന ജില്ലയില്‍ ഈ വര്‍ഷം 76 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 159.4 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു. പിണ്ടിമന, പൂതൃക്ക പഞ്ചായത്തുകളിലാണ് കൂടുതല്‍ തോടുകള്‍ ശുചീകരിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കി സ്വാഭാവിക ഒഴുക്ക് സാധ്യമാക്കി. 2019 ഡിസംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെ ജില്ലയില്‍ 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 54 കിലോമീറ്റര്‍ തോടുകളും 2020-21 വര്‍ഷം 94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 914 കിലോമീറ്റര്‍ നീര്‍ച്ചാലുകളും വീണ്ടെടുത്തിരുന്നു. ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിലൂടെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ പോലുള്ളവ തടയുകയാണ് ലക്ഷ്യം. ഹരിതകേരളം മിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് മുഖ്യപങ്ക് വഹിക്കുന്നത്. ജനപ്രതിനിധികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പ്രദേശവാസികള്‍ തുടങ്ങിയവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.