കേരളത്തിന്‍റെ തനത് കലകൾ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം -അടൂര്‍

കൊച്ചി: കേരളത്തിലെ തനത്​ കലാരൂപങ്ങളെക്കുറിച്ച് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേരള ലളിതകല അക്കാദമി പ്രസിദ്ധീകരിച്ച ആര്‍. നന്ദകുമാറിന്‍റെ സമകാലീന കലയെക്കുറിച്ചുള്ള ലേഖനസമാഹാരം 'ഇന്‍സൈറ്റ് ആൻഡ്​ ഔട്ട്ലുക്ക്' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൃശ്യകലാകാരി എൻ. പുഷ്പമാല പുസ്തകം ഏറ്റുവാങ്ങി. 'കലയിലെ സിദ്ധാന്തവും പ്രയോഗവും: വിമര്‍ശനാത്മകമായ ഇടപെടല്‍' വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. കേരളീയ വാസ്തുശില്‍പം ബാക്കിനില്‍ക്കുന്നത് ക്ഷേത്രങ്ങളില്‍ മാത്രമാണെന്ന് അടൂര്‍ പറഞ്ഞു. അമ്പലവളപ്പുകളിലെ അനിയന്ത്രിതമായ നിര്‍മാണങ്ങള്‍ ക്ഷേത്രസങ്കല്‍പം ഇല്ലാതാക്കുകയാണ്. ചിത്രകലയെക്കുറിച്ച് വളരെക്കുറച്ച് പുസ്തകങ്ങള്‍ മാത്രമേയുള്ളൂ. രാജാ രവിവര്‍മയെക്കുറിച്ച് പോലും ഇന്നത്തെ കുട്ടികള്‍ക്ക് അറിയില്ല. വിദേശങ്ങളില്‍ മറ്റ് കലയെപ്പോലെതന്നെ സമകാലീന കലാരൂപങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാടകരൂപമായ കൂടിയാട്ടത്തെക്കുറിച്ചുപോലും ആര്‍ക്കുമറിയില്ല. ഇതൊക്കെ മാറ്റിയെടുക്കണം. തെയ്യങ്ങളുടെ മുഖമെഴുത്തിനെക്കുറിച്ച് പഠനങ്ങള്‍ നടക്കണമെന്നും അടൂര്‍ പറഞ്ഞു. ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. നിരൂപകന്‍ പ്രഫ. ആര്‍. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ലളിതകല അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, കലാ സംവിധായകന്‍ അജി അടൂര്‍, നിരൂപകന്‍ എം. രാമചന്ദ്രന്‍, ബിപിന്‍ ബാലചന്ദ്രന്‍ എന്നിവർ പങ്കെടുത്തു. EKG adoor -ആര്‍. നന്ദകുമാറിന്‍റെ സമകാലീന കലയെക്കുറിച്ചുള്ള ലേഖനസമാഹാരം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദൃശ്യകലാകാരി എന്‍. പുഷ്പമാലക്ക്​ നല്‍കി പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.