ഖത്തറിൽ വാഹനാപകടം: മരിച്ചവരിൽ ഉളുന്തി സ്വദേശിയും

മാന്നാർ: ഖത്തറിലെ മിസൈദിലെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന്​ മലയാളികളിൽ ഒരാൾ ഉളുന്തി സ്വദേശി. എണ്ണക്കാട് ഉളുന്തി ഒമ്പതാം വാർഡിൽ മങ്ങാട്ട് പരേതനായ സുരേന്ദ്രന്‍റെ മകൻ സജിത്താണ്​ (39) മരിച്ചത്. സജിത്തിന്‍റെ ഭാര്യ രേവതി, ഇരട്ടക്കുട്ടികളായ ഒന്നര വയസ്സുള്ള അമേയ, അനേയ എന്നിവരും അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നു. ഇവർക്ക് കാര്യമായ പരിക്കില്ല. വാഹനം ഓടിച്ചിരുന്ന സജിത്തിന്‍റെ സുഹൃത്ത് കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ശരണ്‍ജിത്ത് ശേഖരന് സാരമായ പരിക്കുണ്ട്. ഇവർ ഹമദ് മെഡിക്കൽ കോർപറേഷന്‍റെ അൽവക്ര ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി റസാഖ്, മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ. ഷമീം എന്നിവരാണ് മരിച്ച മറ്റ്​ രണ്ടുപേർ. ചൊവ്വാഴ്ച വൈകീട്ടോടെ ഖത്തറിലെ മൈതറില്‍നിന്ന് മിസൈദിലെ സീലൈനില്‍ ഈദ് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു സംഘം. ഷമീമിന്‍റെ മൃതദേഹം ഖത്തറില്‍തന്നെ ഖബറടക്കി. മറ്റ്​ രണ്ടുപേരുടെയും മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വത്സലയാണ് സജിത്തിന്‍റെ മാതാവ്. സുജിത് ഏക സഹോദരനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.