തൃക്കാക്കര നഗരസഭ വൈസ്​ ചെയർമാന്‍റെ മകന്‍റെ ഡി.വൈ.എഫ്.ഐ ബന്ധം അന്വേഷിക്കണം -എം.പി

കാക്കനാട്: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍റെ മകന്‍റെ ഡി.വൈ.എഫ്.ഐ ബന്ധം അന്വേഷിക്കണമെന്ന് ഹൈബി ഈഡൻ എം.പി. മകൻ ഷാബിന്‍റെ മേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്‍റെ പേരിൽ നഗരസഭ വൈസ് ചെയർമാൻ എ.എ. ഇബ്രാഹീംകുട്ടി രാജിവെക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നും എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഷാബിന്‍റെ പൂർവകാല രാഷ്ട്രീയചരിത്രം ഡി.വൈ.എഫ്.ഐയുമായി ബന്ധപ്പെട്ടതാണെന്നും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അദ്ദേഹം നടത്തിയ കരാർ ഇടപാടുകളും സംശയാസ്പദമായ എല്ലാ ബിസിനസുകളും പരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ആരൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ അവർക്കെതിരെ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കണം. ഇബ്രാഹീംകുട്ടിക്ക് ഇതുമായി ബന്ധം ഉണ്ടെങ്കിൽ തീർച്ചയായും അതും അന്വേഷിക്കണം. മകന്‍റെ സ്ഥാപനം ഉൾപ്പെട്ടിട്ടുണ്ട് എന്നതിന്‍റെ പേരിൽ രാജിവെക്കണമെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, സ്ഥിരം സമിതി അധ്യക്ഷ സുനീറ ഫിറോസ്, കൗൺസിലർമാരായ ഷാജി വാഴക്കാല, സി.സി. വിജു തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.