ഫോർട്ട്​കൊച്ചി - വൈപ്പിൻ ബോട്ട് തകരാറിലെന്ന്​ ജീവനക്കാർ; യാത്രക്കാർ ബഹളം വെച്ചതോടെ സർവിസ്​ പുനരാരംഭിച്ചു

ഫോർട്ട്​കൊച്ചി: ​ഫോർട്ട്​കൊച്ചി -വൈപ്പിൻ ഫെറിയിൽ അറ്റകുറ്റപ്പണിക്ക്​ ഒരു റോ​ റോ വെസൽ മാറ്റിയിട്ടതിന്‍റെ ദുരിതം തുടരുന്നതിനിടെ ബോട്ട്​ കേടാണെന്ന പേരിൽ മാറ്റിയിട്ടത്​ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ചൊവ്വാ​ഴ്ച ഉച്ചയോടെയാണ്​ രണ്ട്​ ബോട്ടിൽ ഒന്ന്​ ക്രാങ്കിന്​ തകരാറാ​ണെന്ന്​ പറഞ്ഞ്​ ഫോർട്ട്​കൊച്ചി ജെട്ടിയിൽ മാറ്റിക്കെട്ടിയിട്ടത്​. ഇതോടെ പ്രയാസത്തിലായ യാത്രക്കാർ ബഹളം വെച്ചു. യാത്രക്കാരുടെ പ്രതിഷേധം കനത്തതോടെ ബോട്ട്​ സർവിസിന്​ ഇറക്കുകയായിരുന്നു. ഇവിടെ സർവിസ് നടത്തിയ റോ റോ വെസലുകളിൽ ഒന്നാണ്​ മൂന്നു മാസത്തോളമായി അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടിരിക്കുന്നത്​. രണ്ട് റോ റോ വെസലുകളും ഒരു ബോട്ടുമാണ് യാത്രാദുരിതത്തിന് പരിഹാരമായി നഗരസഭ പണിയിച്ച്​ കിൻകോക്ക് നടത്തിപ്പിന്​ കൈമാറിയത്. ഒന്നര വർഷത്തോളം നഷ്ടത്തിന്‍റെ പേരിൽ മാറ്റിയിട്ട 'ഫോർട്ട് ക്വീൻ' ബോട്ട് ഒരു വെസൽ അറ്റകുറ്റപ്പണിക്ക് മാറ്റിയതോടെ തിരികെ കൊണ്ടുവന്ന് സർവിസ് നടത്തുന്നുണ്ട്. ബോട്ട് സർവിസ് കാര്യക്ഷമമല്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇതിനിടെയാണ് ചൊവ്വാഴ്ച ഒരു ബോട്ട്​ മാറ്റിക്കെട്ടിയത്​. അതേസമയം, മിക്ക ദിവസങ്ങളിലും ബോട്ട് ഫോർട്ട് കൊച്ചി ജെട്ടിയിൽ മണിക്കൂറുകളോളം മാറ്റിക്കെട്ടിയിടുന്നത് പതിവാണെന്നാണ് യാത്രക്കാരുടെ പരാതി. ബോട്ടിൽ യാത്രക്കാർ കയറുമ്പോൾ തിരക്കേറിയ റോ റോയിലേക്ക് പറഞ്ഞുവിടുന്നത് സ്ഥിരമാ​ണെന്ന്​ ജങ്കാർ സംരക്ഷണ സമിതി പ്രസിഡന്‍റ്​ കെ.എ. മുജീബ് റഹ്​മാൻ പറഞ്ഞു. ബോട്ട് സർവിസ് കൃത്യമായി നടത്താൻ ജീവനക്കാരിൽ ചിലർക്ക് മടിയാണെന്നും മുജീബ് ആരോപിക്കുന്നു. ബോട്ട് സർവിസ് കാര്യക്ഷമമല്ലാത്തതിനാൽ കൃത്യസമയത്ത് ജോലിക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് യാത്രക്കാരിയായ ജെസി സെബാസ്റ്റ്യനും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.