കിറ്റ്​ വിതരണം: റേഷൻ കടയുടമകൾക്ക് കമീഷൻ നൽകാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജി

കൊച്ചി: സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത വകയിൽ റേഷൻ കടയുടമകൾക്ക് കമീഷൻ ഇനത്തിലെ കുടിശ്ശിക നൽകാത്തതിനെതിരെ ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജി.​ ഓണക്കിറ്റും സൗജന്യ കിറ്റും വിതരണം ചെയ‌്ത റേഷൻ കടയുടമകൾക്ക് രണ്ടു മാസത്തിനകം കുടിശ്ശിക നൽകണമെന്ന ​ഹൈകോടതി ​ഉത്തരവിൽ നടപടികളെടുക്കാൻ പോലും തയാറായിട്ടില്ലെന്ന്​ കാട്ടി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഓർഗനൈസിങ്​ സെക്രട്ടറി ബേബി തോമസാണ്​ ഹരജി നൽകിയിരിക്കുന്നത്​. ഹരജി പരിഗണിച്ച ജസ്റ്റിസ്​ എൻ. നഗരേഷ്​ സർക്കാറിന്‍റെ വിശദീകരണം തേടി. റേഷൻ കടയുടമകൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ പേരിൽ കമീഷൻ നിരസിക്കാനാവില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയുള്ള ഉത്തരവ്​ ഫെബ്രുവരി രണ്ടിനാണ്​ കോടതി പുറപ്പെടുവിച്ചത്​. ഓണക്കിറ്റ് വിതരണത്തിന് അഞ്ചു രൂപ നിരക്കിലും കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന് ഏഴു രൂപ നിരക്കിലുമാണ് കമീഷൻ നൽകേണ്ടത്. കുടിശ്ശിക വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്​ സർക്കാർ അഭിഭാഷകൻ പറഞ്ഞു. വിശദ റിപ്പോർട്ട്​ തേടിയ കോടതി, ഹരജി വേനലവധിക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.