ഓൺലൈൻ പണം തട്ടിപ്പിൽ കൂടുതൽ പ്രതികൾ; വിദേശപൗരനെ ചോദ്യചെയ്യും

ആലപ്പുഴ: ഓൺലൈൻ ഡേറ്റിങ്​ ആപ്പിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയിൽനിന്ന്​​​ 10 ലക്ഷം തട്ടിയ നൈജീരിയൻ പൗരനെ പിടികൂടിയ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന്​ സൂചന. ​കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്ന്​ പിടികൂടി റിമാൻഡിലായ നൈജീരിയന്‍ പൗരന്‍ എനുക അരിന്‍സി ഇഫെന്ന​​യെ (34) ചൊവ്വാഴ്ച പൊലീസ്​ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അന്വേഷണത്തിൽ ഇന്ത്യക്കാരന്‍റെ അക്കൗണ്ട്​ ഉപയോഗിച്ചാണ്​ തട്ടിപ്പ്​ നടത്തിയതെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇതിനാൽ നൈജീരിയൻ പൗരനെ കൂടുതൽ ചോദ്യംചെയ്യുന്നതിലൂടെ നിർണായകവിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ്​ അന്വേഷണസംഘം. ഇതിനൊപ്പം പിടിച്ചെടുത്ത മൊബൈൽ, ലാപ്​ടോപ്​ എന്നിവയിൽനിന്ന്​ കൂടുതൽവിവരങ്ങൾ ശേഖരിക്കും. നൈജീരിയൻ പൗരൻ പിടിയിലായതോടെ വിവിധസംസ്ഥാനങ്ങളിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്‌. എല്ലാ സംസ്ഥാനങ്ങളിലും ഏജന്റുമാരുള്ള വൻ റാക്കറ്റിലെ പ്രധാന കണ്ണിയാണിയാൾ. മറ്റ് റാക്കറ്റുകളെ പിടികൂടാൻ വിവിധ സംസ്ഥാനങ്ങളിലേക്ക്​ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട്​ പുതിയ പരാതികൾ ​ലഭിച്ചിട്ടില്ല. ഡേറ്റിങ് ആപ്പിലൂടെയാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. ഇയാൾ അമേരിക്കയിൽ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വാട്‍സ്‌ ആപ്പിലൂടെ നിരന്തരം ചാറ്റ്ചെയ്‍ത് സൗഹൃദം സ്ഥാപിച്ചു. ഒടുവിൽ താൻ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന യു.എസ് ഡോളർ എക്‍സ്ചേഞ്ച് ചെയ്യാൻ ഇന്ത്യൻ രൂപ വേണമെന്നും ബോധ്യപ്പെടുത്തി പലവട്ടമായി 10 ലക്ഷം രൂപയോളം യുവതിയിൽനിന്ന് തട്ടിയെടുത്തു. വീണ്ടും 11 ലക്ഷം ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുക്കാനെത്തിയപ്പോൾ ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് സംശയം തോന്നുകയും തുടർന്ന് യുവതി പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന്​ സൈബർ സി.ഐ എം.കെ. രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.