കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ

കൊച്ചി: കവർച്ച, വാഹനമോഷണം, ഭവനഭേദനം, ജയിൽ ചാടൽ തുടങ്ങി മുപ്പതോളം കേസുകളുള്ള കുപ്രസിദ്ധ മോഷ്ടാവ് റംഷാദ് പൊലീസ് പിടിയിൽ. മോഷ്ടിച്ച പെട്ടിഓട്ടോയുമായി നോർത്ത് ഭാഗത്തുനിന്നാണ് എറണാകുളം സെൻട്രൽ പൊലീസ് പ്രതിയെ പിടികൂടിയത്. വാഹന പരിശോധനക്കിടെ ഒരു ഓട്ടോറിക്ഷയുടെ നമ്പർ പരിശോധിച്ചപ്പോൾ ബൈക്കിന്‍റേതാണെന്ന് കണ്ടെത്തി. ഓട്ടോ ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് നഗരത്തിലിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവിനെക്കുറിച്ച് സൂചനകൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ നടന്ന പല വാഹന മോഷണങ്ങളുടെയും പിറകിൽ ഇയാളാണെന്ന് പൊലീസ് മനസ്സിലാക്കി. ഇതോടെ സെൻട്രൽ അസി. കമീഷണർ ജയകുമാർ, സി.ഐ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മോഷണം നടന്ന സ്ഥലങ്ങളിലെ കാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടത്തുകയും ചെയ്തു. റംഷാദിന് തിരൂരങ്ങാടിയിൽ ആറ്, മഞ്ചേരി ഏഴ്, കൊണ്ടോട്ടി നാല് എന്നിങ്ങനെ മോഷണ കേസുകളുണ്ട്. വെള്ളയിൽ, മെഡിക്കൽ കോളജ്, വടകര, മലപ്പുറം, വാഴക്കൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും മോഷണ കേസുകളുണ്ട്. മഞ്ചേരി ജയിലിൽനിന്ന്​ രണ്ടുപ്രാവശ്യം ജയിൽ ചാടാൻ ശ്രമിച്ചതിനും കേസുണ്ട്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ കവർച്ച കേസും ഉണ്ട്. ഇവിടങ്ങളിൽനിന്ന്​ പ്രതിയുടെ പഴയ ഫോൺ നമ്പറും മറ്റു രേഖകളും സെൻട്രൽ പൊലീസിന് ലഭിച്ചു. തുടർന്ന് സൈബർ സെല്ലുമായി സഹകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പ്രതി നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്ത് സ്ഥിരമായി വരുന്നുണ്ടെന്ന്​ വ്യക്തമായി. മൂന്നുനാലു ദിവസം പ്രതിക്കായി പൊലീസ് നോർത്ത് ഭാഗത്ത് കാത്തിരുന്നു. അവസാനം സ്ഥലത്തെത്തിയ പ്രതി പിടിയിലാകുകയായിരുന്നു. വിവരമറിഞ്ഞ് മുനമ്പം, ചാലക്കുടി, കൊരട്ടി, പുതുക്കാട്, ഫറൂക്ക്, കോഴിക്കോട് സിറ്റി, വരാപ്പുഴ തുടങ്ങി വിവിധ സ്റ്റേഷനുകളിൽനിന്ന് സെൻട്രൽ സ്റ്റേഷനിലേക്ക് അന്വേഷണങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ പ്രേംകുമാർ, സബ് ഇൻസ്പെക്ടർമാരായ അഖിൽ, ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ഷിഹാബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.