-തദ്ദേശ സ്ഥാപനങ്ങളിൽ ശേഖരണത്തിൽ വൻ അലംഭാവമെന്ന് പി.സി.ബി കൊച്ചി: നാട്ടിലാകെ മാലിന്യം കുന്നുകൂടുമ്പോൾ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാലിന്യ ശേഖരണം വീണ്ടും താളംതെറ്റി. റോഡരികുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലുമെല്ലാം പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് മാലിന്യം തള്ളിയ കാഴ്ചയാണ്. എങ്കിലും ജില്ലയിലെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമായ ബ്രഹ്മപുരം സംസ്കരണ പ്ലാന്‍റിലേക്ക് എത്തുന്ന മാലിന്യത്തിന്‍റെ അളവിൽ വലിയ തോതിൽ കുറവ് കണ്ടെത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട്. ഇത് പഞ്ചായത്ത് മേഖലകളിൽ ഉൾപ്പെടെ മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നില്ലെന്നതിന് തെളിവാണെന്ന് പി.സി.ബി ദേശീയ ഹരിത ട്രൈബ്യൂണലിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊച്ചി കോർപറേഷൻ, അങ്കമാലി, ആലുവ, തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികൾ, ചേരാനല്ലൂർ, കുമ്പളങ്ങി, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകൾ എന്നിവയാണ് ബ്രഹ്മപുരത്തേക്ക് മാലിന്യം അയക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 21, 22, 23 തീയതികളിൽ ഡമ്പിങ് യാർഡിലേക്ക് ഈ തദ്ദേശ സ്ഥാപനങ്ങൾ എത്തിച്ച മാലിന്യത്തിന്‍റെ അളവ് നിരീക്ഷിച്ചാണ് പി.സി.ബിയുടെ വിലയിരുത്തൽ. 2020ൽ പ്രതിദിനം ശരാശരി 304.43 മെട്രിക് ടൺ മാലിന്യമാണ് ഇവിടെ എത്തിയിരുന്നത്. എന്നാൽ, മാർച്ച് 21ന് കൊച്ചി കോർപറേഷൻ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഡമ്പിങ് യാർഡിൽ എത്തിച്ച മാലിന്യത്തിന്‍റെ അളവ് 55,015 കിലോ മാത്രമാണ്. ജനസംഖ്യാനുപാതികമായി വിലയിരുത്തുമ്പോൾ പ്രതിദിനം 62814 കിലോ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. കൊച്ചി കോർപറേഷനിൽ നിന്ന് ഇതേ ദിനത്തിൽ എത്തിയത് 2.51 ലക്ഷം കിലോ മാലിന്യവുമാണ്. കൃത്യമായ മാലിന്യ ശേഖരണം നടക്കാത്തതിനാൽ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലേക്ക് സ്ഥിരതയില്ലാതെ മാലിന്യം എത്തുന്നതിന് കാരണമാകുന്നു. ജനസംഖ്യാനുപാതിമായി ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്‍റെ അളവും പ്രതിദിനം ശേഖരിക്കുന്നതിന്‍റെ അളവും തമ്മിൽ വൻതോതിൽ അന്തരമുണ്ടെന്ന് ചീഫ് എൻവയൺമെന്‍റൽ എൻജിനീയർ എം.എ. ബൈജു സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രതിദിനം 6.6 മെട്രിക് ടൺ ജൈവ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന അങ്കമാലിയിൽനിന്ന് 370 കിലോ ഖരമാലിന്യം മാത്രമാണ് ബ്രഹ്മപുരത്തേക്ക് എത്തിച്ചത്. ആലുവയിൽനിന്ന് ഏഴ് മെട്രിക് ടൺ എത്തേണ്ടപ്പോൾ ലഭിച്ചത് 4.8 മെട്രിക് ടൺ മാത്രവും. പരിസ്ഥിതി നഷ്ടപരിഹാരം: മുനിസിപ്പാലിറ്റികൾക്ക് പിഴ കോടികൾ കൊച്ചി: മാലിന്യ ശേഖരണം കാര്യക്ഷമമാക്കാത്തതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലയിലെ നഗരസഭകൾക്ക് വിധിച്ചത് കൂറ്റൻ പരിസ്ഥിതി നഷ്ടപരിഹാര പിഴത്തുക. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്ക് 3.78 കോടി, തൃക്കാക്കരക്ക് 4.11 കോടി, ആലുവക്ക് 2.12 കോടി എന്നിങ്ങനെയാണ് വിധിച്ചത്. ഓരോ നഗരസഭയിൽനിന്നും ജനസംഖ്യാനുപാതികമായി ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യം ഡമ്പിങ് യാർഡിലേക്ക് എത്താത്തതിനാൽ വിശദീകരണം ചോദിച്ചിട്ടും മതിയായ കാരണം ബോധിപ്പിക്കാത്തതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.