കെ.എസ്.ഇ.ബി: ജാസ്മിൻ ബാനുവിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അഞ്ച് ദിവസത്തിനകം ഉത്തരവിടണമെന്ന്​ ഹൈകോടതി

കൊച്ചി: സസ്​പെൻഷനിലുള്ള കെ.എസ്.ഇ.ബി തിരുവനന്തപുരം ഇലക്​ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജാസ്മിൻ ബാനുവിനെ സർവിസിൽ തിരികെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ അഞ്ച് ദിവസത്തിനകം ഉത്തരവിടണമെന്ന്​ ഹൈകോടതി. അനുമതിയില്ലാതെ അവധിയെടുത്തതിന്റെ പേരിൽ സസ്​പെൻഡ്​ ചെയ്തത്​ ചോദ്യം ചെയ്ത്​ ജാസ്മിൻ നൽകിയ ഹരജിയിലാണ്​ കെ.എസ്.ഇ.ബി ചെയർമാന്​ ജസ്റ്റിസ് വി.ജി. അരുൺ നിർദേശം നൽകിയത്​. അനധികൃതമായി ജോലിക്ക്​ ഹാജരായില്ലെന്നതാണ് ആരോപണമെന്നതിനാൽ സസ്​പെൻഷൻ തുടരേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. മാർച്ച് 22ന് സസ്​പെൻഡ്​ ചെയ്തതിന്​ പിന്നാലെ ജാസ്മിനെ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ശിപാർശയിൽ തീരുമാനമെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്​. അനുമതിയോടെയാണ്​ അവധിയെടുത്തതെന്നാണ്​ ഹരജിക്കാരിയുടെ വാദം. ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയിരുന്നെന്നും പറയുന്നു. എന്നാൽ, സസ്​പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷമാണ്​ അവധി അപേക്ഷ നൽകിയതെന്ന് കെ.എസ്.ഇ.ബി അഭിഭാഷകൻ വാദിച്ചു. ജൂനിയർ ഉദ്യോഗസ്ഥനാണ് ചുമതല കൈമാറിയിരുന്നതെന്നും കെ.എസ്​.ഇ.ബി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.